ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന് പ്രൗഢ ഗംഭീര തുടക്കം
text_fieldsമനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ മൂന്നാം പതിപ്പ് സീഫ്മാൾ സിനിമാസിൽ തുടങ്ങി. ഈമാസം ഒൻപത് വരെ ‘സെലിബ്രേറ്റിംഗ് ദി ആർട്ട് ഓഫ് ഫിലിം മേക്കിംഗ്’ എന്ന പ്രമേയത്തിൽ ബഹ്റൈൻ സിനിമാ ക്ലബ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ വാർത്താവിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി ഉദ്ഘാടനം ചെയ്തു.
ബിയോണും നാഷണൽ ബാങ്ക് ഓഫ് ബഹ്റൈനുമാണ് സ്പോൺസർമാർ. രാജ്യത്തെ യുവപ്രതിഭകൾക്ക് അംഗീകാരം നൽകുക, ചലച്ചിത്രമേളകളുടെ ലോക ഭൂപടത്തിൽ രാജ്യത്തിന് സ്ഥാനം നേടിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ അസാധാരണമായ സിനിമാട്ടോഗ്രാഫിക് ഇവന്റായാണ് മേളയുടെ മൂന്നാം പതിപ്പ് അവതരിപ്പിക്കുന്നതെന്ന് ഉദ്ഘാടനസമ്മേളനത്തിൽ വാർത്താവിതരണ മന്ത്രി പറഞ്ഞു.രാജ്യത്തിന്റെ സംസ്കാരവും സ്വത്വവും ചരിത്രപരമായ പൈതൃകവും പ്രതിഫലിപ്പിക്കുന്ന സിനിമ നിർമ്മാണം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സി,അറബ് രാജ്യങ്ങളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, സിനിമാ താരങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സാംസ്കാരിക വിനിമയത്തിന് സിനിമകൾക്ക് വലിയ പങ്കുണ്ട്. വിവിധ രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കലാപരമായ കൈമാറ്റവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിൽ ഫിലിം ഫെസ്റ്റിവലുകൾക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി .
1970-കൾ മുതൽ പ്രമുഖ അന്താരാഷ്ട്ര നിർമ്മാണ കമ്പനികൾ ബഹ്റൈൻ കേന്ദ്രീകരിച്ച് സിനിമ നിർമ്മികകാറുണ്ട്. 2000-ൽ അറേബ്യൻ ഗൾഫ് മേഖലയിൽ ആദ്യമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത് ബഹ്റൈനാണ്. അന്ന് നടന്ന അറബ് ഫിലിം ഫെസ്റ്റിവൽ ഗൾഫ് മേഖലയിൽ സമാനമായ മേളകൾ നടത്താൻ വഴിയൊരുക്കി. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ന് അനുസൃതമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര വ്യവസായത്തിന്റെ വിജയത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും രാജ്യത്ത് ഉണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരം, സ്വത്വം, ചരിത്ര പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന സിനിമകൾ ഉണ്ടാകണം. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അറിവുകൾ കൂടുതൽ നേടാൻ ഫെസ്റ്റിവൽ സഹായകമാകും. ശിൽപശാലകളും പഠന ക്ലാസ്സുകളുമനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. സ്വകാര്യമേഖലക്കും സിനിമ വ്യവസായത്തിന്റെ വളർച്ചക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ബഹ്റൈനിലെ യുവ കലാകാരന്മാർക്ക് മികച്ച പ്രാദേശിക, അന്തർദേശീയ സിനിമ അനുഭവങ്ങളെക്കുറിച്ച് അറിയിക്കാനുള്ള അവസരമാണ് മേള നൽകുന്നതെന്ന് ബഹ്റൈൻ സിനിമാ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാനും ഫെസ്റ്റിവൽ ചെയർമാനുമായ ഒസാമ അൽ സെയ്ഫ് പറഞ്ഞു.
ബഹ്റൈൻ സംവിധായകൻ ബസ്സാം അൽ തവാദി, ബഹ്റൈൻ നടി ഷഫീക്ക യൂസിഫ്, തിയേറ്റർ, ടെലിവിഷൻ, സിനിമ മേഖലകളിൽ 40 വർഷത്തെ പാരമ്പര്യമുള്ള ഈജിപ്ഷ്യൻ താരം ഹാല സെഡ്കി അടക്കം നിരവധി ബഹ്റൈൻ, അറബ് കലാകാരന്മാരെയും സിനിമാ നിർമ്മാതാക്കളെയും ഇൻഫർമേഷൻ മന്ത്രി ആദരിച്ചു. സിനിമ പ്രദർശനവും ഉദ്ഘാടന ചടങ്ങിൽ ഉണ്ടായിരുന്നു. നാല് വിഭാഗങ്ങളിലായി 117 അറബ് ഹ്രസ്വചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. മത്സര വിഭാഗത്തിൽ 15 ചിത്രങ്ങളുണ്ട്. 19 സിനിമകൾ ബഹ്റൈൻ ഫിലിം വിഭാഗത്തിൽ മത്സരിക്കും.ഡോക്യുമെന്ററി വിഭാഗത്തിൽ 76 സിനിമകൾ മത്സരിക്കും. ആനിമേഷൻ വിഭാഗത്തിൽ ആറ് ചിത്രങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.