യൂറോപ്പിന്റെ നെറുകയിൽ ബഹ്റൈൻ പതാക
text_fieldsമനാമ: യൂറോപ്പിലെ ഉയരം കൂടിയ പർവതശിഖരമായ എൽബ്രസ് പർവതത്തിന്റെ നെറുകയിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ബഹ്റൈനിൽ നിന്നുള്ള സെമ്രീൻ അഹമ്മദ്. 5,642 മീറ്റർ (18,510 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മഞ്ഞുമൂടിയ പർവതം പർവതാരോഹകരെ സംബന്ധിച്ചിടത്തോളം എന്നും മോഹിപ്പിക്കുന്നതാണ്. റഷ്യയിലെ കോക്കസസ് പർവതനിരയുടെ പടിഞ്ഞാറൻ ഭാഗത്താണ് എൽബ്രസ് പർവതശിഖരം സ്ഥിതിചെയ്യുന്നത്.
നാളുകൾ നീണ്ട ഒരുക്കങ്ങളും പ്രതീക്ഷകളുമാണ് സഫലമായതെന്ന് സെമ്രീൻ അഹമ്മദ് പറയുന്നു. കഠിനമായ പരിശീലനം വേണമായിരുന്നു ലക്ഷ്യം സഫലീകരിക്കാൻ. ചൂടുള്ള കാലാവസ്ഥയിൽ ജനിച്ചുവളർന്നവർക്ക് സങ്കൽപിക്കാൻ പറ്റാത്ത തണുപ്പുള്ള പർവതങ്ങൾ. ഈ സാഹചര്യത്തിലേക്ക് മനസ്സിനെയും ശരീരത്തെയും ഒരുക്കിയെടുക്കാൻ തന്നെ സമയം വേണം. പർവതാരോഹണം സാഹസികമായിരുന്നു. വളരെയേറെ ബുദ്ധിമുട്ടുകൾ 5,642 മീറ്റർ ഉയരത്തിലെത്താനുള്ള പരിശ്രമത്തിനിടെ വേണ്ടിവന്നു.
ഒരുവേള പരാജയപ്പെടുമെന്ന ഭീതി തന്നെ ഉണ്ടായി. ഫോൺ തകരാറിലായതിനെത്തുടർന്ന് മലകയറ്റത്തിന്റെ രംഗങ്ങൾ പൂർണമായി പകർത്താനും സാധിച്ചില്ല. ലക്ഷ്യം അടുത്തെത്തിയപ്പോഴാണ് ഉയർന്ന ആൾട്ടിറ്റ്യൂഡുകളിലെത്തുമ്പോൾ സാധാരണ ഉണ്ടാകാറുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്.
കടുത്ത തലവേദനയും ഛർദിയും കലശലായി. എന്നാൽ, നിശ്ചയദാർഢ്യത്തോടെ അതിനെയെല്ലാം മറികടക്കാനായി. അവസാനം യൂറോപ്പിലെ എൽബ്രസിന്റെ ഉയരങ്ങളിൽനിന്ന് മനോഹരമായ സൂര്യോദയം കാണാൻ സാധിച്ചു.
താൻ എക്കാലവും കാണാൻ കൊതിച്ച ദൃശ്യം. രാജ്യത്തിനുവേണ്ടി ഈ നേട്ടം കൈവരിച്ച നിമിഷത്തിൽ വളരെയധികം അഭിമാനം തോന്നിയെന്നും സെമ്രീൻ അഹമ്മദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്താമത്തെ കൊടുമുടികളിലൊന്നാണിത്. റഷ്യൻ റിപ്പബ്ലിക്കായ കബാർഡിനോ-ബാൽക്കറിയയിലാണ് പർവതം സ്ഥിതി ചെയ്യുന്നത്. എൽബ്രസിന് രണ്ട് കൊടുമുടികളുണ്ട്. രണ്ടും നിഷ്ക്രിയ അഗ്നിപർവതങ്ങളാണ്. ഉയരം കൂടിയ, പടിഞ്ഞാറൻ കൊടുമുടിക്ക് 5,642 മീറ്റർ ഉയരമുണ്ട്. കിഴക്കൻ കൊടുമുടിക്ക് 5,621 മീറ്ററും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.