2025ഓടെ 2.5 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം പ്രതീക്ഷിച്ച് ബഹ്റൈൻ
text_fieldsമനാമ: 2025ഓടെ 2.5 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) രാജ്യം പ്രതീക്ഷിക്കുന്നതായി ബഹ്റൈൻ ദേശീയ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി). കഴിഞ്ഞ വർഷം 88 കമ്പനികൾ വഴി 1.1 ബില്യൺ ഡോളർ വിദേശനിക്ഷേപം രാജ്യത്തെത്തി. ഈ നിക്ഷേപപദ്ധതികൾ 2025ഓടെ 6300ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
2021ൽ ആരംഭിച്ച സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപപ്രോത്സാഹന പരിപാടികൾ നടപ്പാക്കുന്നത്. അഞ്ച് ഇനങ്ങളിലായി 27 സ്കീമുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വദേശികളായ തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തൽ, ഓയിൽ ആൻഡ് ഗ്യാസ്, ടൂറിസം, ലോജിസ്റ്റിക്സ്, മാനുഫാക്ചറിങ്, ഫിനാൻഷ്യൽ സർവിസ്, ഡിജിറ്റൽ ഇക്കണോമി എന്നിങ്ങനെ ആറു മേഖലകൾക്ക് മുൻഗണന നൽകും. തന്ത്രപ്രധാന പദ്ധതികളിൽ 30 ബില്യൺ ഡോളർ ചെലവഴിക്കുക, സാമ്പത്തിക പരിഷ്കരണത്തിലൂടെ സർക്കാറിന്റെ ചെലവ് കുറക്കുക, ബിസിനസ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ചട്ടങ്ങളും നഗര ആസൂത്രണവും ലളിതമാക്കുക തുടങ്ങിയവയും പദ്ധതിയിലുണ്ട്.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിലൂടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുക. ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്യൂണിക്കേഷൻ സ്റ്റാർട്ടപ്പുകൾ, സേവനനവീകരണം, ദേശീയ തൊഴിൽ പദ്ധതി വിപുലീകരണം, സൈബർ സുരക്ഷ പരിശീലനം എന്നിവയിലൂടെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താനും പദ്ധതിയുണ്ട്. ദീർഘകാല ലക്ഷ്യങ്ങൾ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുമായി സംയോജിപ്പിച്ചാണ് നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.