ലിബിയയിലെ ദുരിതബാധിതർക്ക് ബഹ്റൈനിന്റെ 10 ലക്ഷം ഡോളർ സഹായം
text_fieldsമനാമ: 11,000ത്തിലധികം ആളുകളുടെ ജീവനപഹരിച്ച ലിബിയയിലെ വെള്ളപ്പൊക്കത്തിന്റെ ഇരകളെ സഹായിക്കാൻ ബഹ്റൈൻ 10 ലക്ഷം ഡോളർ മൂല്യമുള്ള സഹായം അയച്ചു.
ഭക്ഷണം, മെഡിക്കൽ സാമഗ്രികൾ, പാർപ്പിടത്തിനുള്ള സാമഗ്രികൾ എന്നിവയുൾപ്പെടെ 40 ടൺ സാധനങ്ങളാണ് അയച്ചത്. ഹമദ് രാജാവിന്റെ നിർദേശങ്ങൾപ്രകാരം റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് സഹായം ശേഖരിച്ചത്.
തിങ്കളാഴ്ച ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുരിതാശ്വാസസാധനങ്ങളുമായി ലിബിയയിലേക്കു പോയ വിമാനത്തിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സംഘവുമുണ്ടായിരുന്നു. വടക്കുകിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിൽ 11,000ത്തിലധികം ആളുകൾ മരിക്കുകയും 10,100 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ട്.
രാജ്യത്തെ മറ്റിടങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ ഫലമായി 170 പേർ മരിച്ചതായി കണക്കാക്കുന്നു. 40,000 പേരെ മാറ്റിപ്പാർപ്പിച്ചെന്നും ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ പുതിയ കണക്കുകൾപ്രകാരം യു.എൻ പറയുന്നു. തിരച്ചിൽ തുടരുന്നതിനാൽ കണക്കുകൾ ഉയരുമെന്നാണ് കരുതുന്നത്. മാനുഷിക പ്രതിസന്ധികളുടെ ഇരകൾക്ക് ബഹ്റൈൻ എപ്പോഴും സഹായം നൽകുമെന്ന് ആർ.എച്ച്.എഫ് ട്രസ്റ്റീസ് ബോർഡ് ചെയർമാനും ഹ്യുമാനിറ്റേറിയൻ വർക്കുകളുടെയും യുവജനകാര്യങ്ങളുടെയും രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. ലോകമെമ്പാടുമുള്ള ദരിദ്രരെ സഹായിക്കുക എന്ന രാജാവിന്റെ നിർദേശങ്ങളുടെ തുടർച്ചയാണ് അടിയന്തര സഹായമെന്ന് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് പറഞ്ഞു.
ആർ.എച്ച്.എഫ് ബോർഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർമാൻ ശൈഖ് അദ്നാൻ അൽ ഖത്താൻ വിമാനത്താവളത്തിൽ സാധനങ്ങൾ ലോഡുചെയ്യുന്നതിന് മേൽനോട്ടം വഹിച്ചു. ലിബിയയിലെ ദുരിതബാധിതർക്കുള്ള ആദ്യ ബാച്ച് സഹായമാണ് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.