ബഹ്റൈൻ ജീനോം പ്രോഗ്രാം: 85 ശതമാനം ലക്ഷ്യം നേടി
text_fields
മനാമ: ബഹ്റൈൻ ജീനോം പ്രോഗ്രാമിന്റെ ഭാഗമായി 42,000ത്തിലധികം സാമ്പിളുകൾ ശേഖരിച്ചുകഴിഞ്ഞെന്ന് നാഷനൽ ജീനോം സെന്ററിലെ ഡോ. ഫാത്തിമ മർഹൂൺ. പ്രോഗ്രാം ലക്ഷ്യമിട്ടതിന്റെ 85 ശതമാനവും എത്തിക്കഴിഞ്ഞെന്നും സാഖിറിൽ നടന്ന മനാമ ഹെൽത്ത് കോൺഗ്രസിന്റെയും എക്സ്പോ അറ്റ് എക്സിബിഷൻ വേൾഡിന്റെയും സമാപനദിനത്തിൽ അവർ പറഞ്ഞു. ജീനോം പ്രോജക്ടുള്ള ഏകദേശം 25 രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ എന്നും അടുത്ത വർഷാവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നും ‘ജീനോം മാപ്പിങ് ഇൻ ബഹ്റൈൻ’ വിഷയത്തിൽ സംസാരിക്കവെ മർഹൂൺ പറഞ്ഞു.
സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മറിയം അൽ ജലാഹ്മ എന്നിവരും സന്നിഹിതരായിരുന്നു. ജീനോം പ്രോഗ്രാം നൂതനമായ വ്യക്തിഗത മെഡിസിനും ആരോഗ്യസംരക്ഷണ രീതികൾക്കും വഴിയൊരുക്കുമെന്ന് ഡോ. മർഹൂൺ ചൂണ്ടിക്കാട്ടി. മനുഷ്യ ജീനോം സീക്വൻസിങ്ങിനായി അത്യാധുനിക സംവിധാനം സ്ഥാപിച്ച മിഡിലീസ്റ്റിലെ ആദ്യത്തെ രാജ്യമാണ് ബഹ്റൈൻ. ആരോഗ്യ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകൾ ഉപയോഗപ്പെടുത്തുന്നതിനും നാഷനൽ ജീനോം സെന്റർ വികസിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി ആധുനികസംവിധാനം ഒരുക്കിയിരുന്നു. 2018ലാണ് ബഹ്റൈനിൽ ദേശീയ ജീനോം പ്രോജക്ട് ആരംഭിച്ചത്.
ആരോഗ്യമേഖലയിലെ നവീനമായ സങ്കേതങ്ങളും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ഉപയോഗിച്ച് രാജ്യത്തെ ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ജനിതക രോഗങ്ങൾ തടയുന്നതിനുമായുള്ള ഗവേഷണങ്ങൾ ലക്ഷ്യമിട്ടാണ് നാഷനൽ ജീനോം സെന്റർ സ്ഥാപിച്ചത്. ജീൻ സാമ്പിളുകൾ ശേഖരിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യുന്നതുവഴി രോഗകാരികളായ ജീനുകളെ വ്യവച്ഛേദിച്ച് മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരമാണ് ശാസ്ത്രസമൂഹത്തിന് കൈവന്നത്.
ജനിതക രോഗസാധ്യതകൾ മുൻകൂട്ടി അറിയാനും അത് തടയാനും വൈദ്യസമൂഹത്തിന് നാഷനൽ ജീനോം സെന്ററിന്റെ സഹായത്തോടെ കഴിയും. ജനിതക രോഗങ്ങൾ തടയുന്നതിനും അവയുടെ ചികിത്സക്കുമുള്ള ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും. മനുഷ്യശരീരവുമായി ബന്ധപ്പെട്ട മുഴുവൻ ജനിതക വിവരങ്ങളും ജീനുകളിലാണ് അടങ്ങിയിരിക്കുന്നത്. ജീനുകളുടെ വിശകലനം വഴി വ്യക്തിയുടെ ജനിതക ഘടനക്ക് അനുയോജ്യമായ രോഗനിർണയ രീതികളും മരുന്നുകളും വികസിപ്പിക്കാനും സാധിക്കും. ഓരോ വ്യക്തിയുടെയും ജനിതക സവിശേഷതയനുസരിച്ചുള്ള ‘വ്യക്തിഗത മരുന്ന്’ വികസിപ്പിച്ചെടുക്കുകയും സെന്ററിന്റെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.