ബഹ്റൈൻ ഗ്രാൻഡ് പ്രീ; വേഗപ്പോരിന് ഇന്ന് സമാപനം
text_fieldsലാൻഡോ നോറിസ് പരിശീലന മത്സരത്തിനിടെ
മനാമ: ട്രാക്കുകൾക്ക് തീപ്പിടിപ്പിക്കുന്ന വേഗപ്പോരിന്റെ രാജാവാരാണെന്നറിയാൻ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് സജ്ജം. പരിശീലന മത്സരവും യോഗ്യത മത്സരവും പൂർത്തിയാക്കിയ ടീമുകൾ ഞായറാഴ്ച രാത്രി ആറിന് ആരംഭിക്കുന്ന അവസാന അങ്കമായ ഫോർമുല വണ്ണിനിറങ്ങും. 5.412 കിലോമീറ്ററാണ് ഒരു ലാപ്പിന്റെ ദൂരം.
ആകെ 57 ലാപ്പുകളിലായി 308.238 കിലോമീറ്ററാണ് ആകെ റേസ് ദൂരം. 20 പേരടങ്ങുന്ന 10 ടീമുകളായാണ് മത്സരത്തിനിറങ്ങുക. കഴിഞ്ഞ രണ്ട് വർഷം കിരീടം ചൂടിയ റെഡ്ബുളിന്റെ മാക്സ് വെസ്റ്റപ്പെൻ ഇക്കുറിയും വലിയ പ്രതീക്ഷയിലാണ്.
ആവേശം അലതല്ലിയ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024ൽ 26 പോയന്റ് നേടിയാണ് വെസ്റ്റപ്പെൻ കിരീടം ചൂടിയത്. ഏപ്രിൽ ആറിന് നടന്ന ജപ്പാൻ ഗ്രാൻഡ് പ്രീയിലെ ജേതാവും വെസ്റ്റപ്പെനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന മത്സരങ്ങളിൽ പൂർണാധിപത്യം സ്ഥാപിച്ച മക്ലാരൻ ടീമും പ്രതീക്ഷയിൽ ഒട്ടും പിന്നിലല്ല. ഒന്നാം പരിശീലന മത്സരത്തിലും രണ്ടാം പരിശീലന മത്സരത്തിലും കഴിവ് തെളിയിച്ചത് മക്ലാരന്റെ ഭാഗമായ ലാൻഡോ നോറിസും ഓസ്കാർ പിയസ്ട്രിയുമാണ്. പകൽ വെളിച്ചത്തിൽ നടന്ന ആദ്യ പരിശീലന മത്സരത്തിൽ നോറിസ് ഒരു മിനിറ്റ് 33.204 സെക്കൻഡിൽ ലാപ് പൂർത്തിയാക്കി ഒന്നാം സ്ഥാനത്തെത്തി.
ബഹ്റൈൻ സർക്യൂട്ട് ആകാശ ദൃശ്യം
നോറിസിനെക്കാൾ 0.238 സെക്കൻഡ് അധികമെടുത്ത ആൽപൈന്റെ പിയറി ഗാസ്ലി രണ്ടാം സ്ഥാനത്തും ഏഴ് തവണ ലോക ചാമ്പ്യനായ ഫെറാറിയുടെ ലൂയിസ് ഹാമിൽട്ടൺ 0.596 സെക്കൻഡ് പിന്നിലായി മൂന്നാം സ്ഥാനത്തുമെത്തി. വൈകീട്ട് നടന്ന രണ്ടാം പരിശീലന സെക്ഷനിൽ മക്ലാരന്റെ തന്നെ ഓസ്കാർ പിയാസ്ട്രിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ഒരു മിനിറ്റ് 30.505 സെക്കൻഡിൽ ലാപ് പൂർത്തിയാക്കിയാണ് പിയാസ്ട്രി വീര്യം തെളിയിച്ചത്. തൊട്ടുപിന്നാലെ 0.154 അധിക സമയത്തോടെ നോറിസും ഫിനിഷ് ചെയ്തു. മെഴ്സിഡസിന്റെ ജോർജ് റസ്സലാണ് മൂന്നാം സ്ഥാനത്തെത്തിയത്. മൂന്നാം പരിശീലന മത്സരത്തിലും ഓസ്കാർ പിയാസ്ട്രിയും നോറിസുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.
സർക്യൂട്ടിന് പുറത്തെ വിനോദ പരിപാടി
ട്രാക്കിന് പുറത്തെ ആവേശത്തിനും മാറ്റൊട്ടും കുറവില്ലാതെയാണ് ഫോർമുല വൺ അരങ്ങേറുന്നത്. പ്രശസ്ത ഗായകരായ ആർ ത്രീ ഹാബിന്റെയും പെഗ്ഗി ഗൗവിന്റെയും സംഗീത നിശകൾക്ക് നിരവധി ശ്രോതാക്കാളാണെത്തിയത്.
പുറമെ ഭക്ഷണ കൗണ്ടറുകൾ, പ്രഫസർ ബബിൾസ്, പോപ്പ് ദി ബലൂൺ മാൻ, കളർഫുൾ പപ്പറ്റ്സ്, അക്കേഷ്യ ഫ്ലാഗ് വേവേഴ്സ്, കലിംബ ബട്ടുകാഡ, ഡാപ്പർ ചാപ്സ് തുടങ്ങിയ കായിക വിനോദങ്ങളും ആരാധകർക്ക് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്.
ഈ സീസണിലെ അവസാന അങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ് സാഖിറും പരിസരവും. ബഹ്റൈൻ ഗ്രാൻഡ് പ്രീയുടെ ജേതാവായി ആര് വാഴുമെന്നറിയാനുള്ള ആകാംക്ഷയിലാണ് എഫ് വൺ ആരാധകർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.