ബഹ്റൈൻ ഗ്രാൻഡ് പ്രീ; ഇന്ന് ട്രാക്കുണരും
text_fieldsബഹ്റൈൻ ഗ്രാൻഡ് പ്രീ 2024 ഫൈനൽ ഫോട്ടോ
മനാമ: വേഗപ്പോരിന്റെ മഹാമാമാങ്കമായ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് ഇന്ന് ട്രാക്കുണരും. സാഖിറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് (ബി.ഐ.സി) ഇനിയുള്ള മൂന്നുദിന രാത്രങ്ങൾ ഇനി ആവേശത്തിരമാലക്ക് സാക്ഷിയാകാനൊരുങ്ങുകയാണ്.
തീപിടിക്കുന്ന വേഗതയിൽ ട്രാക്കുകളിൽ ആദ്യ രണ്ട് ദിനം പ്രാക്ടീസ് മത്സരങ്ങളും ഫോർമുല 2, ഫോർമുല 3 മത്സരങ്ങളുമാണ് നടക്കുക. രണ്ടാം ദിനം ക്വാളിഫയിങ് മത്സരങ്ങളും അരങ്ങേറും. മൂന്നാം ദിനമായ ഏപ്രിൽ 13 വൈകീട്ട് ആറിനാണ് 57 ലാപുകളുള്ള ഫോർമുല വൺ പ്രധാന മത്സരത്തിന് ട്രാക്ക് സാക്ഷിയാവുക. കായികരംഗത്തെ സൂപ്പർസ്റ്റാർ ഡ്രൈവർമാരും അവരുടെ ടീമുകളും ഇതിനോടകം ബഹ്റൈനിൽ എത്തിച്ചേർന്നിട്ടുണ്ട്. ട്രാക്കിലും പുറത്തും റെക്കോഡ് നേട്ടങ്ങൾ കൈവരിക്കുന്ന ഒരു ഇവന്റിനാണ് അരങ്ങൊരുങ്ങുന്നത്.
ആസ്ട്രേലിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ മത്സരങ്ങൾക്കുശേഷമാണ് എഫ് വൺ ടീം ബഹ്റൈനിലെത്തുന്നത്. കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ ഒരു ലക്ഷം പേരും റേസ് ദിനത്തിൽ 37,000 പേരുമായിരുന്നു കാഴ്ചക്കാർ. ഇക്കൊല്ലം അതിലേറെ ആളുകളെ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷത്തെ വിജയികൾ
വെസ്റ്റാപ്പെൻ ഇക്കുറിയും ഒരുങ്ങിത്തന്നെ
കഴിഞ്ഞ രണ്ട് വർഷം കിരീടം ചൂടിയ റെഡ്ബുളിന്റെ മാക്സ് വെസ്റ്റാപ്പെൻ ഇക്കുറിയും ഒന്നാമതെത്തുമെന്ന പ്രതീക്ഷയിലാണ്. ആവേശം അലതല്ലിയ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024ൽ 26 പോയന്റ് നേടിയാണ് വെസ്റ്റാപ്പെൻ കിരീടം ചൂടിയത്. ഏപ്രിൽ ആറിന് നടന്ന ജപ്പാൻ ഗ്രാൻഡ് പ്രീയിലെ ജയം വെസ്റ്റാപ്പെന് ആത്മവീര്യം കൂട്ടുമെന്നുറപ്പ്.
മാർച്ചിൽ നടന്ന ചൈന ഗ്രാൻഡ് പ്രീ ജേതാവ് ഓസ്കാർ പിയസ്ട്രിയും, ആസ്ട്രേലിയൻ ജേതാവ് ലാൻഡോ നോറിസും മത്സരങ്ങളുടെ ചൂട് കൂട്ടും. കൂടാതെ ലൂയിസ് ഹാമിൽട്ടൻ, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, എസ്റ്റബാൻ ഒകോൺ, പിയറി ഗാസ്ലി, ഓസ്കാർ പിയാസ്ട്രി തുടങ്ങി വമ്പൻ താരനിരയാണ് ട്രാക്കിലിറങ്ങുന്നത്. മെഴ്സിഡസ്, റെഡ്ബുൾ, ഫെരാരി തുടങ്ങിയ വമ്പന്മാരാണ് സ്പോൺസർമാർ.
ബഹ്റൈൻ സർക്യൂട്ട്
സഖീർ മരുഭൂമിയുടെ ഹൃദയഭാഗത്തായി 2004ലാണ് ബഹ്റൈൻ ഇന്റർ നാഷനൽ സർക്യൂട്ട് (ബി.ഐ.സി) നിർമിച്ചത്. മിഡിലീസ്റ്റിലെ ആദ്യ എഫ് വൺ ട്രാക്കെന്ന ഖ്യാതിയും ബി.ഐ.സിക്കാണ്.
ഏകദേശം 150 മില്യൺ ഡോളറാണ് നിർമാണചെലവ്. പ്രശസ്ത ജർമൻ എൻജിനീയർ ഹെർമൻ ടിൽക്കെ രൂപകൽപന ചെയ്ത ഈ സർക്യൂട്ട് പ്രാദേശിക സംസ്കാരത്തിന്റെ നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നു. 18 മാസം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. 5.412 കിലോ മീറ്ററാണ് ആകെ ദൂരം. 57 ലാപ്പുകളിലായാണ് മത്സരം നടക്കുക.
ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട്
308.238 കിലോ മീറ്ററാണ് ആകെ റേസ് ദൂരം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മോട്ടോർ സ്പോർട്സിനോടുള്ള അഭിനിവേശമാണ് ബി.ഐ.സിയുടെ നിർമാണത്തിന് കാരണമായത്.
ട്രാക്കിന് പുറത്തും ആവേശമുണ്ട്
ട്രാക്കിനകത്തെ മത്സര വീര്യത്തിനൊപ്പം പ്രശസ്ത സംഗീതജ്ഞരുടേതടക്കമുള്ള പ്രകടനങ്ങളുമായി ട്രാക്കിനുപുറത്തും അതിമനോഹരമായ വിനോദങ്ങളൊരുക്കിയിട്ടുണ്ട്. സംഗീത നിശകൾ, ഡി.ജെ പരിപാടികൾ, ജയിന്റ് വീലുകൾ, കുട്ടികൾക്കായുള്ള ഗെയിം ഏരിയകൾ തുടങ്ങി അനേകം ഇവന്റുകൾ ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്. ഒന്നാം ദിനമായ ഇന്ന് ആർ ത്രീ ഹാബിന്റെ സംഗീത ഷോ അരങ്ങേറും. രണ്ടാം ദിന പ്രശസ്ത ഗായികയായ പെഗ്ഗി ഗൗ അവതരിപ്പിക്കുന്ന സംഗീത നിശയുണ്ടാകും. മൂന്നാം ദിനം ഏപ്രിൽ 13ന് സ്വീഡിഷ് സംഗീതജ്ഞൻ ആക്സ്വെൽ പരിപാടി അവതരിപ്പിക്കും.
പാർക്കിങ്
മത്സരങ്ങൾ കാണാനെത്തുന്ന കാർ പാസ് ഇല്ലാത്തവർക്ക് റാഷിദ് ഇക്വസ്ട്രിയൽ ആൻഡ് ഹോഴ്സ് റേസിങ് ക്ലബിന്റെ പാർക്കിങ് സ്ഥലമാണ് സജ്ജമാക്കിയത്. അവിടെനിന്ന് സർക്യൂട്ടിലേക്ക് ഒരോ 10 മിനിറ്റിലും ഷട്ടിൽ ബസ് സർവിസുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.