അടുത്തവർഷം മുതൽ ബഹ്റൈൻ ഗ്രാൻഡ് പ്രീ സൗരോർജത്തിൽ
text_fieldsമനാമ: അടുത്ത വർഷത്തെ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരം മുതൽ പുനരുപയോഗിക്കാവുന്ന ഉൗർജ സ്രോതസ്സുകളെ ആശ്രയിക്കുമെന്ന് ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് അറിയിച്ചു. സർക്യൂട്ടിലെ വിശാലമായ പ്രദേശത്ത് സ്ഥാപിക്കുന്ന സോളാർ പാനലുകളിൽനിന്നാണ് ഉൗർജം ലഭ്യമാക്കുക. മത്സര സമയത്തും പിന്നീടുമുള്ള ഉൗർജ ആവശ്യങ്ങൾ ബദൽ ഉൗർജത്തിലൂടെ നിറവേറ്റാനാണ് ലക്ഷ്യമിടുന്നത്.
ബഹ്റൈൻ സർക്യൂട്ടിൽ സൗരോർജ പദ്ധതി സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം ബഹ്റൈനിലെ സുസ്ഥിര ഉൗർജ അതോറിറ്റി അടുത്തിടെ പൂർത്തിയാക്കിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടം ഇൗ വേനൽക്കാലത്ത് തന്നെ ആരംഭിക്കും. അടുത്ത വർഷത്തെ മത്സരം തുടങ്ങുന്നതിനുമുമ്പ് ഇത് പൂർത്തിയാക്കും. 2022ലെ ഫോർമുല വൺ മത്സര നടത്തിപ്പിനുള്ള ഉൗർജം ഇതുവഴി ലഭ്യമാക്കും. ഇൻറർനാഷനൽ സർക്യൂട്ടിന് ആവശ്യമായ മുഴുവൻ ഉൗർജവും അടുത്ത ഘട്ടങ്ങളിൽ ലഭ്യമാക്കും. മൊത്തത്തിലുള്ള ഉൗർജ ചെലവുകൾ കുറക്കാനും പദ്ധതി സഹായിക്കും. 2030ഒാടെ കാർബൺ രഹിത ഫോർമുല വൺ ചാമ്പ്യൻഷിപ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഇതെന്ന് ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട് സി.ഇ.ഒ ശൈഖ് സൽമാൻ ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.