ബഹ്റൈനിൽ വിദേശ തൊഴിലാളികൾ വർധിച്ചു
text_fieldsമനാമ: ബഹ്റൈനിലെ വിദേശ തൊഴിലാളികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2024 രണ്ടാം പാദം അവസാനത്തോടെ സജീവ വർക്ക് പെർമിറ്റുകളുടെ (തൊഴിൽ വിസ) എണ്ണം 6,31,763 ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലിത് 608,411 ആയിരുന്നു. 3.8 ശതമാനത്തിന്റെ വാർഷിക വർധനയാണ് തൊഴിലാളികളുടെ എണ്ണത്തിലുണ്ടായത്.
വർക്ക് പെർമിറ്റുകൾ മൊത്തത്തിൽ വർധിച്ചെങ്കിലും ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ പുതിയ തൊഴിൽ പെർമിറ്റുകളുടെ എണ്ണം അഞ്ചുശതമാനം കുറഞ്ഞതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോർട്ടുകൾ പറയുന്നു. 33,740 ലേബർ പെർമിറ്റുകളാണ് ഈ കാലയളവിൽ നൽകിയത്.
പുതിയ നിയമനം കുറയുന്നതിന്റെ സൂചനയാണിത്. പുതിയ തൊഴിൽ വർക്ക് പെർമിറ്റുകളുടെ 54 ശതമാനം പത്തിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ചെറുകിട ബിസിനസുകൾക്ക് പ്രാധാന്യമേറുന്നതിന്റെ സൂചനയാണിത്. അവർ വിദേശ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്നു.
ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ തൊഴിൽ വിസ പുതുക്കലുകൾ 10.2 ശതമാനം വർധിച്ചു. 99,279 വിസകളാണ് പുതുക്കിയത്. വർക്ക് പെർമിറ്റ് അവസാനിപ്പിച്ച് പോകുന്നവരുടെ എണ്ണം ഇക്കാലയളവിൽ 13.6 ശതമാനം കുറഞ്ഞ് 23,778 ആയി. വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നത് ഏറെയും നിർമാണ മേഖലയിലാണ്.
പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിച്ചതിൽ 23 ശതമാനം ഈ മേഖലയിലാണ്. മൊത്തവ്യാപാര, ചില്ലറ വ്യാപാര മേഖല -20 ശതമാനം, താമസ, ഭക്ഷണ സേവന പ്രവർത്തനമേഖല -14 ശതമാനം എന്നിങ്ങനെയാണ് മറ്റുവിഭാഗങ്ങളിലെ പുതിയ തൊഴിൽ പെർമിറ്റുകൾ .
2024 രണ്ടാം പാദത്തിലെ കണക്കുകൾ
ആകെ വിദേശ തൊഴിലാളികൾ 6,31,763
പുതിയ തൊഴിൽ പെർമിറ്റുകൾ 33,740
പുതുക്കിയ തൊഴിൽ വിസകൾ 99,279
വിസ റദ്ദാക്കി പോയവർ 23,778
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.