മനുഷ്യാവകാശ മേഖലയിലെ ബഹ്റൈൻ മുന്നേറ്റം അഭിമാനകരമെന്ന് മന്ത്രിസഭ
text_fieldsമനാമ: മനുഷ്യാവകാശ സംരക്ഷണമേഖലയിലെ ബഹ്റൈൻ മുന്നേറ്റം അഭിമാനകരമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ബ്രിട്ടൻ, കോമൺവെൽത്ത് വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് മനുഷ്യാവകാശ സംരക്ഷണമേഖലയിൽ ബഹ്റൈൻ ഏറെ മുന്നേറിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ഭരണകാലത്ത് രാജ്യം മനുഷ്യാവകാശമേഖലയിൽ നേട്ടം കൈവരിച്ചതായി കാബിനറ്റ് വിലയിരുത്തി. ഹിജ്റ പുതുവർഷപ്പിറവിയോടനുബന്ധിച്ച് ഭരണാധികാരികൾക്കും ബഹ്റൈൻ ജനതക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും മന്ത്രിസഭ ആശംസകൾ നേർന്നു.
നന്മയും സന്തോഷവും സമാധാനവും പുലരുന്ന നാളുകളായിരിക്കട്ടെ പുതുവർഷമെന്നും ആശംസിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ബ്രിട്ടൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് വിലയിരുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അടക്കമുള്ള വിവിധ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചയും ചർച്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും വഴിയൊരുക്കിയതായും കാബിനറ്റ് വിലയിരുത്തി. സാമ്പത്തികം, നിക്ഷേപം, ബാങ്കിങ്, വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
ആശൂറ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സംവിധാനങ്ങളേർപ്പെടുത്തുന്നതിനും ആഭ്യന്തരമടക്കമുള്ള വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. 2023 ആദ്യപാദത്തിലെ വിശദ സാമ്പത്തിക റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു. എണ്ണയിതര മേഖലയിൽ 3.5 ശതമാനം വളർച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനവും അനുബന്ധ കുറ്റകൃത്യങ്ങൾക്കും എതിരെ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ വിവരങ്ങൾ കൈമാറുന്നതിന് പൊതു പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രിയുടെ നിർദേശം കാബിനറ്റ് അംഗീകരിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.