ഹാങ്ചോ ഏഷ്യൻ ഗെയിംസ് വോളിബാളിൽ ബഹ്റൈൻ രണ്ടാം റൗണ്ടിൽ
text_fieldsമനാമ: ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ബഹ്റൈൻ വോളിബാൾ ടീമിന് രണ്ടാം മത്സരത്തിൽ പരാജയം. ഇറാനാണ് 3-1ന് ബഹ്റൈനെ പരാജയപ്പെടുത്തിയത് (16-25,19-25, 25-22, 20-25). ഇറാനോട് പരാജയപ്പെട്ടെങ്കിലും പൂൾ ബി രണ്ടാംസ്ഥാനക്കാരെന്ന നിലക്ക് ബഹ്റൈൻ രണ്ടാം റൗണ്ടിലെത്തി.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ഖത്തറിനെയാണ് ബഹ്റൈൻ നേരിടുന്നത്. ചൈന ടെക്സ്റ്റൈൽ സിറ്റി സ്പോർട്സ് ജിംനേഷ്യത്തിലാണ് മത്സരം നടന്നത്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ നേപ്പാളിനെ ബഹ്റൈൻ പരാജയപ്പെടുത്തിയിരുന്നു. വോളിബാളും ഫുട്ബാളും അടക്കം 17 കായിക ഇനങ്ങളിലാണ് ബഹ്റൈൻ പങ്കെടുക്കുന്നത്.
അത്ലറ്റിക്സ്, ഹാൻഡ്ബാൾ, ബാസ്കറ്റ്ബാൾ, ബോക്സിങ്, ജൂഡോ, ഭാരോദ്വഹനം, ഗുസ്തി, ജിയു-ജിറ്റ്സു, റോവിങ്, ഷൂട്ടിങ്, സൈക്ലിങ്, ടേബിൾ ടെന്നിസ്, തൈക്വാൻഡോ, സെയിലിങ്, ഇ-സ്പോർട്സ് എന്നിവയാണ് മറ്റ് ഇനങ്ങൾ. ശനിയാഴ്ചയാണ് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്. അർജന്റീനക്കാരനായ റൂബൻ അഡ്രിയാൻ വോലോച്ചിനാണ് പുരുഷന്മാരുടെ വോളിബാൾ ടീമിന്റെ പരിശീലകൻ. മുഹമ്മദ് യാക്കൂബ്, നായകൻ നാസർ അൻഹിംബ്രാൻ എന്നിവരുൾപ്പെടെ മുൻനിര വോളിബാൾ താരങ്ങളടങ്ങുന്നതാണ് ടീം. വോളിബാൾ പ്രാഥമിക മത്സരങ്ങളിൽ ആറു ഗ്രൂപ്പുകളുണ്ട്. നേപ്പാൾ, ഇറാൻ, എന്നിവയടങ്ങുന്ന പൂൾ ബിയിലാണ് ബഹ്റൈൻ. പൂൾ എയിൽ ചൈന, കിർഗിസ്താൻ, കസാഖ്സ്താൻ എന്നിവ ഉൾപ്പെടുന്നു. പൂൾ സിയിൽ ദക്ഷിണ കൊറിയ, ഇന്ത്യ, കംബോഡിയ.
പൂൾ ഡിയിൽ ചൈനീസ്-തായ്പേയ്, പാകിസ്താൻ, മംഗോളിയ. പൂൾ ഇയിൽ ഖത്തർ, തായ്ലൻഡ്, ഹോങ്കോങ്. പൂൾ എഫിൽ ജപ്പാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്താൻ. ആറ് പൂളുകളിൽനിന്നും ആദ്യ രണ്ടു ടീമുകൾ റൗണ്ട് ഓഫ് 12ലേക്ക് നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.