ടൂറിസം മേഖലയിൽ ബഹ്റൈൻ- ഇന്ത്യ സഹകരണം ശക്തമാക്കും
text_fieldsമനാമ: വ്യവസായ വാണിജ്യ മന്ത്രിയും ആക്ടിങ് ടൂറിസം മന്ത്രിയുമായ അബ്ദുല്ല ആദിൽ ഫഖ്റു ഇന്ത്യൻ ടൂറിസം, തുറമുഖം, ഷിപ്പിങ്, ജലപാത സഹമന്ത്രി ശ്രീപദ് യശോ നായിക്കുമായി കൂടിക്കാഴ്ച നടത്തി.
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗദി ടൂറിസം മന്ത്രാലയവും വേൾഡ് ടൂറിസം ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കൂടിക്കാഴ്ച. ‘ടൂറിസവും ഹരിത നിക്ഷേപവും’ പ്രമേയത്തിൽ സെപ്റ്റംബർ 27 മുതൽ 28 വരെയായിരുന്നു റിയാദിൽ സമ്മേളനം.
ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖലയുടെ വളർച്ചയെ ഇരുവരും പ്രശംസിച്ചു. സന്ദർശകരുടെ എണ്ണത്തിലും ടൂറിസം, ട്രാവൽ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലും ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ പുരോഗതിയുണ്ടായതായി ഇരുവരും വിലയിരുത്തി. ബഹ്റൈനും ഇന്ത്യയും സ്വകാര്യ ടൂറിസം മേഖലയിലെ പങ്കാളിത്തത്തെ പിന്തുണക്കും. ടൂറിസം രംഗത്ത് നിക്ഷേപങ്ങൾക്ക് അവസരമൊരുക്കുകയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഇരു രാജ്യങ്ങളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ടൂറിസം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദർശിക്കുന്ന ബഹ്റൈനികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ആയുഷ് /ഇന്ത്യൻ മെഡിസിൻ സമ്പ്രദായങ്ങൾക്ക് കീഴിലുള്ള ചികിത്സക്കായി വിദേശ പൗരന്മാർക്ക് ഇന്ത്യ ആയുഷ് വിസ നൽകുന്നുണ്ടെന്നും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ പ്രേരിപ്പിക്കുന്ന നടപടികൾ ആവിഷ്കരിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബഹ്റൈൻ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. ആഡംബര ഇന്ത്യൻ വിവാഹങ്ങൾക്കുൾപ്പെടെ ബഹ്റൈൻ വേദിയാകുന്നുണ്ട്.
ടൂറിസം മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് തുർക്കിയ സാംസ്കാരിക-ടൂറിസം മന്ത്രി മെഹ്മത് നൂറി എർസോയുമായും മന്ത്രി ഫഖ്റു കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.