ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട്; കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ പദ്ധതി വേണം
text_fieldsമനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് (ബി.ഐ.എ) വഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കർമപദ്ധതി തയാറാക്കണമെന്ന് ജനപ്രതിനിധികൾ. പ്രതിവർഷം 14 ദശലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോകുന്നത്. എന്നാൽ, ഇതിന്റെ ഇരട്ടിയോളം യാത്രക്കാരെ ആകർഷിക്കാൻ വിമാനത്താവളത്തിന് കഴിയുമെന്ന് എയർപോർട്ട് ഏരിയ എം.പി മുഹമ്മദ് അൽ ഒലൈവിയും കൗൺസിലർ അബ്ദുൽ ഖാദർ അൽ സെയ്ദും പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിവർഷം 20 ദശലക്ഷത്തിലധികം യാത്രക്കാരെ വിമാനത്താവളത്തിന് ഉൾക്കൊള്ളാനാകും. 2019ൽ കോവിഡ്-19 മഹാമാരിക്കു മുമ്പ്, പ്രതിവർഷം 10 ദശലക്ഷം യാത്രക്കാരാണ് എയർപോർട്ട് വഴി കടന്നുപോയിരുന്നത്.
കോവിഡ് കാലത്ത് ഇത് മൂന്നു ദശലക്ഷമായി കുറഞ്ഞു. എന്നാൽ, കോവിഡിനുശേഷമുള്ള കാലത്ത് 2022ൽ 6.9 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിഞ്ഞു. മുൻവർഷത്തേക്കാൾ 127.5 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഭൂമിശാസ്ത്രപരമായി ബഹ്റൈൻ ലോകത്തുള്ള എല്ലാവർക്കും എത്തിപ്പെടാനാകുന്ന സ്ഥാനത്താണ്. വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനമായി ബഹ്റൈൻ മാറിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ലോകത്തിന്റെ ഏതു ഭാഗത്തേക്കും എത്തിപ്പെടാവുന്ന തരത്തിൽ വിമാന സർവിസുകളും ഇപ്പോൾ ബഹ്റൈനിലുണ്ട്.
ഇത് പരമാവധി പ്രയോജനപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു. മറ്റു ഗൾഫ് രാജ്യങ്ങൾ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയിട്ടുണ്ടെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് 14 ദശലക്ഷം യാത്രക്കാർ എന്ന കോവിഡ് കാലത്തെ ലക്ഷ്യം കാലഹരണപ്പെട്ടുകഴിഞ്ഞു. 20 ദശലക്ഷം യാത്രക്കാർ എന്ന ലക്ഷ്യം കൈവരിക്കാനായി യോജിച്ച പ്രവർത്തനം വേണ്ടതുണ്ടെന്നും അവർ പറയുന്നു.
ബഹ്റൈൻ വഴി യാത്ര ചെയ്യുന്നവരെ ഇവിടെ തങ്ങാൻ പ്രേരിപ്പിക്കുന്ന രീതിയിൽ വിനോദസഞ്ചാര പദ്ധതികൾ രൂപവത്കരിക്കാൻ ടൂറിസം മന്ത്രാലയം പരിപാടികൾ ആവിഷ്കരിച്ചിരുന്നു. ഗൾഫ് എയർ, ബഹ്റൈൻ എയർപോർട്ട് കമ്പനി, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി എന്നിവ സംയുക്തമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. കണക്ഷൻ ൈഫ്ലറ്റുകൾക്കായി കാത്തുനിൽക്കുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. അഞ്ചു മുതൽ 24 മണിക്കൂർ വരെ കാത്തിരിക്കേണ്ടിവരുകയാണെങ്കിൽ പുതിയ സൗകര്യം പ്രയോജനപ്പെടുത്തി ബഹ്റൈനിലെ ലാൻഡ്മാർക്കുകളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാം. നഗരസഞ്ചാരം നടത്തുകയും ചെയ്യാം.
ഈ സേവനങ്ങൾ സൗജന്യമാണ്. കാനൂ ട്രാവൽസാണ് ഗതാഗത സൗകര്യം നൽകുന്നത്. ബഹ്റൈന്റെ സൗന്ദര്യവും ചരിത്രസ്മാരകങ്ങളും ആസ്വദിക്കാനും രാജ്യത്തെപ്പറ്റിയുള്ള മതിപ്പ് വർധിപ്പിക്കാനും പുതിയ പദ്ധതി സഹായകരമാകുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ നാസർ ഖാഇദി ചൂണ്ടിക്കാട്ടിയിരുന്നു. യാത്രക്കാർക്ക് ബഹ്റൈൻ വീണ്ടും സന്ദർശിക്കാനുള്ള പ്രേരണയായി ഈ ടൂർ അനുഭവം മാറും. ബഹ്റൈൻ ഇപ്പോൾ ബിസിനസുകാരുടെയും വിനോദസഞ്ചാരികളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നു മാത്രമല്ല, കിഴക്കൻ രാജ്യങ്ങളെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഗേറ്റ്വേ കൂടിയാണ് രാജ്യം. ദിവസേന നിരവധി സന്ദർശകർ ബഹ്റൈൻ എയർപോർട്ട് വഴി കടന്നുപോകുന്നുണ്ടെങ്കിലും ഇവിടെ ഇറങ്ങാൻ പലർക്കും അവസരം ലഭിക്കുന്നില്ല. പുതിയ സൗകര്യം അവർക്ക് രാജ്യത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവസരം തുറന്നുനൽകും.
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ടൂറുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദിവസവും രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും രാത്രി ഏഴു മുതൽ 10 വരെയും രണ്ടുതവണ യാത്ര ക്രമീകരിച്ചിട്ടുണ്ട്. ഗൾഫ് എയർ, ബി.ഐ.എ, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി വെബ്സൈറ്റുകൾ വഴി ഹലോ ബഹ്റൈൻ ഫ്രീ സിറ്റി ടൂർ പേജുകൾ സന്ദർശിച്ചാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.