ബഹ്റൈൻ എയർപോർട്ടിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ അംഗീകാരം
text_fieldsമനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന് (ബി.ഐ.എ) എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) ഏഷ്യ-പസഫിക് റീജ്യന്റെ രണ്ടു പുരസ്കാരങ്ങൾ. പ്രതിവർഷം എട്ടു മുതൽ 15 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്ന വിമാനത്താവളങ്ങൾക്കുള്ള ഗ്രീൻ എയർപോർട്ട് റെക്കഗ്നിഷൻ 2023 സിൽവർ അവാർഡും എ.സി.ഐ എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ പ്രോഗ്രാമിന്റെ ലെവൽ 4 ട്രാൻസ്ഫോർമേഷൻ സർട്ടിഫിക്കറ്റുമാണ് ബി.ഐ.എക്ക് ലഭിച്ചത്.
ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് യൂസുഫ് അൽ ബിൻഫലാഹ്, 18ാമത് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) ഏഷ്യ-പസഫിക് റീജ്യൻ അസംബ്ലിയിൽ പുരസ്കാരങ്ങൾ സ്വീകരിച്ചു.
കോവിഡിനെ തുടർന്ന് മൂന്നു വർഷമായി നടക്കാതിരുന്ന സമ്മേളനമാണ് ജപ്പാനിൽ നടന്നത്. ഗ്രീൻ എയർപോർട്ട് റെക്കഗ്നിഷൻ പദ്ധതി, മികച്ച പാരിസ്ഥിതികശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഓരോ വർഷവും വ്യത്യസ്തമായ പാരിസ്ഥിതിക വശമാണ് പ്രമേയമായി തിരഞ്ഞെടുക്കുന്നത്.
ഇത്തവണ ‘ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിർമാർജനം’ ആണ് വിഷയം. വൃത്തിയുള്ളതും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് യൂസുഫ് അൽ ബിൻഫലാഹ് പറഞ്ഞു. വിമാനത്താവളത്തിലെ പ്ലാസ്റ്റിക് മാലിന്യം നിലംനികത്താനാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ 2020ൽ ബി.എ.സി പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതി ആരംഭിച്ചു. പ്രതിവർഷം 3400 കിലോഗ്രാം വസ്തുക്കൾ മാലിന്യത്തിൽ വേർതിരിക്കുകയും 1,37,600 കിലോഗ്രാം പുനരുപയോഗിക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം നിരീക്ഷിക്കാൻ കേന്ദ്രീകൃത ഡാഷ്ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്കു പകരം പുനരുപയോഗം പ്രോത്സാഹിപ്പിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.