ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ: 57,000ത്തിലധികം സന്ദർശകർ; 300 ദശലക്ഷം ഡോളറിന്റെ ബിസിനസ്
text_fieldsമനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ 2024ലേക്ക് ഒഴുകിയെത്തിയത് മൂന്നു ദിവസങ്ങളിലായി 57,000ത്തിലധികം സന്ദർശകർ. ഒപ്പുവെക്കപ്പെട്ടത് 300 ദശലക്ഷം ഡോളറിന്റെ ബിസിനസ് ഡീലുകളും. രാജ്യത്തെ 75 വർഷത്തെ വ്യോമയാന ചരിത്രത്തിന്റെ വാർഷികം കൂടിയായിരുന്നു. ഈ വർഷത്തെ എയർഷോ വൻവിജയമായിരുന്നു.
59 രാജ്യങ്ങളിൽനിന്നുള്ള 226 സിവിലിയൻ, സൈനിക പ്രതിനിധികളാണ് ഇത്തവണ പങ്കെടുത്തത്. ആഗോള എയ്റോസ്പേസ് സ്ഥാപനങ്ങൾ ഉൾപ്പെടെ 177 ഓർഗനൈസേഷനുകളിൽനിന്നുള്ള പങ്കാളിത്തവും ഉണ്ടായിരുന്നു. 125ലധികം വിമാനങ്ങൾ പ്രദർശിപ്പിച്ചു. വിമാനങ്ങളുടെ എണ്ണത്തിൽ 2022ലെ എയർഷോയെക്കാൾ 25 ശതമാനം വർധനയുണ്ടായി. 78 കമ്പനികൾ എക്സിബിഷനിൽ പങ്കെടുത്തു.
അതിൽ 80 ശതമാനവും വിദേശ സ്ഥാപനങ്ങളായിരുന്നു. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിലും അദ്ദേഹത്തിന്റെ വ്യക്തിഗത പ്രതിനിധിയും ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലും നടന്ന 2024 എയർഷോയിൽ വ്യോമയാന വ്യവസായത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രദർശിപ്പിച്ചു.
300 ദശലക്ഷം ഡോളറിന്റെ ബിസിനസ് ഡീലുകൾ ഇത്തവണ എയർഷോയോടനുബന്ധിച്ച് ഒപ്പുവെക്കപ്പെട്ടു. വ്യോമയാന മേഖലയിൽ നിക്ഷേപത്തിന് നിരവധി കമ്പനികളാണ് മുന്നോട്ടുവന്നത്. നിരവധി കരാറുകളും ധാരണപത്രങ്ങളും എയർഷോയോടനുബന്ധമായി ഒപ്പുവെക്കപ്പെട്ടു.
പ്രതീക്ഷിച്ച വരുമാനത്തിന്റെ ആറുമടങ്ങ് നേടാനായി. ഇത് എയർഷോ വൻ വിജയമായെന്നതിന്റെ തെളിവാണ്. 81 രാജ്യങ്ങളിൽനിന്നുള്ള 57,000ത്തിലധികം സന്ദർശകരാണ് എയർഷോയുടെ ദിവസങ്ങളിൽ ബഹ്റൈനിലേക്കെത്തിയത്. സിവിലിയന്മാരും മിലിട്ടറിക്കാരുമടക്കമെത്തി. എയർഷോയുടെ ചരിത്രത്തിൽതന്നെ ഇത്രയുമധികം സന്ദർശകരെത്തുന്നത് ആദ്യമാണ്.
ഹോട്ടൽ ബുക്കിങ്ങുകളിലും വലിയതോതിൽ വർധനയുണ്ടായി. സാമ്പത്തിക വ്യവസ്ഥക്ക് വലിയ ഉണർവാണ് എയർഷോ സൃഷ്ടിച്ചത്. ലോക കായിക ഭൂപടത്തിൽ ഇതിനോടകം തനതായ സ്ഥാനം ഉറപ്പിച്ച ബഹ്റൈൻ, ടൂറിസം, ഇവന്റ് മേഖലയിലും ലോകമെമ്പാടുമുള്ള ബിസിനസുകാരുടെ ലക്ഷ്യസ്ഥാനമായി മാറുന്നു എന്ന് തെളിയിച്ചാണ് എയർഷോക്ക് തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.