ബഹ്റൈൻ ഇന്റർനാഷനൽ ‘ഗാർഡൻ ഷോ 2025’ ഈമാസം 20ന്
text_fieldsബഹ്റൈൻ ഇന്റർനാഷനൽ ‘ഗാർഡൻ ഷോ 2025’ന്റെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിൽ ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ
മനാമ: കാർഷിക മേഖലയിലെ വിസ്മയ കാഴ്ചകളൊരുക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ ‘ഗാർഡൻ ഷോ 2025’ന് ഈ മാസം 20ന് തുടക്കമാകുമെന്ന് നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സെക്രട്ടറി ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ. ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലെ ഹാൾ നമ്പർ മൂന്നിൽ ഫെബ്രുവരി 20 മുതൽ 23 വരെ നാല് ദിവസങ്ങളിലായാണ് ഗാർഡൻ ഷോക്ക് തിരിതെളിയുക. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ അറങ്ങേറുന്ന ഷോ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും.
ബഹ്റൈൻ രാജാവിന്റെ പത്നിയും നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ ഉപദേശക സമിതിയുടെ ചെയർവുമണുമായ രാജകുമാരി സബീക ബിൻത് ഇബ്രാഹീം ആൽ ഖലീഫയുടെ ഉദാരമായ പിന്തുണയുള്ള ബഹ്റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോ, രാജ്യത്തെ കാർഷിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണെന്ന് പ്രദർശനത്തിന്റെ സംഘാടക സമിതി ഇന്നലെ നടത്തിയ വാർത്തസമ്മേളനത്തിൽ ശൈഖ മറാം പറഞ്ഞു.
ഗാർഡൻ ഷോ (ഫയൽ ഫോട്ടോ)
ഹോർട്ടികൾച്ചർ, കാർഷിക സാങ്കേതികവിദ്യകൾ, കാർഷിക രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രാദേശിക, ആഗോള വേദിയായാണിത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർ, കർഷകർ, ഗവേഷകർ, വിദഗ്ധർ എന്നിവർ മേളയിൽ പങ്കാളികളാവും.16 ബഹ്റൈൻ കർഷകർ പങ്കെടുക്കുന്ന ഒരു പ്രത്യേക ദേശീയ പവലിയൻ പ്രദർശനത്തിൽ ഉൾപ്പെടുത്തും. അവരുടെ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ ബഹ്റൈൻ കർഷകരുടെ മികവിനെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനുള്ള വേദിയായി ഇത് മാറുമെന്നും ശൈഖ മറാം പറഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 121 പ്രദർശകരാണ് മേളയിലെ പ്രധാന ആകർഷണമെന്ന് നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ സെക്ടർ ഡെവലപ്മെന്റിന്റെ സെക്രട്ടറി ജനറൽ പറഞ്ഞു. ഇതിൽ 68 പ്രാദേശിക പ്രദർശകരും 19 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന 53 അന്താരാഷ്ട്ര പ്രദർശകരും ഉൾപ്പെടും.കാർഷിക ഉൽപാദന വികസന മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനുമുള്ള ഒരു ആഗോള വേദി എന്ന നിലയിൽ പ്രദർശനത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെയും അവർ എടുത്തുപറഞ്ഞു.
സൗദി അറേബ്യ, എമിറേറ്റ്സ്, ഒമാൻ തുടങ്ങിയ വിവിധ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും, ജോർഡൻ, സിറിയ, മൊറോക്കോ, തുനീഷ്യ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും, ചൈന, ജപ്പാൻ, കിർഗിസ്താൻ, ഉസ്ബക്കിസ്താൻ, മലേഷ്യ, തായ്ലൻഡ്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നും, റഷ്യ, ന്യൂസിലൻഡ്, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നും പ്രദർശകരെത്തും. വിദ്യാഭ്യാസ മന്ത്രാലയവുമായും സർക്കാർ സ്കൂളുകളുമായും സഹകരിച്ച് വിദ്യാർഥികൾക്ക് മേളയിൽ പ്രദർശനം അനുവദിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.