വജ്ര ജൂബിലി നിറവിൽ ബഹ്റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോ
text_fieldsമനാമ: ബഹ്റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോയുടെ 2024 എഡിഷൻ 2025 ഫെബ്രുവരി 19ന് തുടങ്ങും. സാഖിറിലെ എക്സിബിഷൻ വേൾഡിൽ നടക്കുന്ന പ്രദർശനം ഫെബ്രുവരി 20 മുതൽ 23 വരെ പൊതുജനങ്ങൾക്ക് വീക്ഷിക്കാം.
കൂടുതൽ പ്രാദേശിക കർഷകരെ പങ്കെടുപ്പിക്കുമെന്നും കർഷക മാർക്കറ്റ് പവലിയന് വിശാലമായ സ്ഥലം അനുവദിക്കുമെന്നും നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റിന്റെ (എൻ.ഐ.എ.ഡി) സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉദ്യാനപരിപാലനം സംബന്ധിച്ച അനുഭവങ്ങളും അഭിപ്രായങ്ങളും കൈമാറാനും പൂന്തോട്ടപരിപാലനം, ഹരിത ഇടങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയിലെ മികച്ച മാർഗങ്ങളെയും കുറിച്ച് അവബോധം വളർത്താനുമുള്ള അവസരങ്ങൾക്ക് മേള അവസരമൊരുക്കും. കൂടാതെ വിജ്ഞാനം വർധിപ്പിക്കാനുള്ള അവസരമാണിതെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാർഥികൾക്ക് എക്സിബിഷൻ സന്ദർശിക്കാൻ അവസരമൊരുക്കും. എക്സിബിഷനിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാനാരംഭിച്ചു.
അറുപതാം വാർഷികം ആഘോഷിക്കുന്ന ബഹ്റൈൻ ഗാർഡൻ ക്ലബ് ബഹ്റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോയിൽ വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ബഹ്റൈൻ ഗാർഡൻ ക്ലബ് ചെയർപേഴ്സൻ സഹ്റ അബ്ദുൽ മാലിക് അറിയിച്ചു.
പൂന്തോട്ടപരിപാലനമടക്കം വിവിധ വിഷയങ്ങളിൽ മത്സരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മുതിർന്നവർക്ക് 100 ഇനങ്ങളിലും മൂന്നു മുതൽ 18 വയസ്സ് വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി 19 വിഭാഗങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ ഒന്നുമുതൽ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. താൽപര്യമുള്ളവർക്ക് ക്ലബ് ആസ്ഥാനം സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.