ബഹ്റൈൻ- ഇറാൻ ബന്ധം: ചർച്ചകൾ പുനരാരംഭിക്കുന്നു
text_fieldsമനാമ: ബഹ്റൈനും ഇറാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം തുടരുന്നതിന് വഴിയൊരുക്കി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനം. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ഇറാൻ ആക്ടിങ് വിദേശകാര്യ മന്ത്രി ഡോ. അലി ബാഗേരി കാനിയും തമ്മിൽ തെഹ്റാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്. ഏഷ്യ കോഓപറേഷൻ ഡയലോഗ് മീറ്റിങ്ങിൽ പങ്കെടുക്കാൻ ഡോ. അലി ബാഗേരി കാനിയുടെ ക്ഷണം സ്വീകരിച്ചാണ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി തെഹ്റാനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയബന്ധം പുനരാരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ രൂപവത്കരിക്കുമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ബഹ്റൈനും ഇറാനും തമ്മിലുള്ള സാഹോദര്യ ചരിത്രപരമായ ബന്ധങ്ങളുടെയും ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പൊതു താൽപര്യങ്ങളുടെയും ചട്ടക്കൂടിലാണ് കൂടിക്കാഴ്ച നടന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.