മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈൻ മുന്നിൽ -മന്ത്രി
text_fieldsമനാമ: മനുഷ്യക്കടത്ത് തടയുന്നതിലും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിലും ബഹ്റൈൻ മുൻപന്തിയിലാണെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് ബഹ്റൈന് ഇക്കാര്യത്തിൽ ഒന്നാം നിരയിലാണ് സ്ഥാനം.
കഴിഞ്ഞ ഏഴുവർഷമായി പ്രസ്തുത സ്ഥാനം ബഹ്റൈന് നിലനിർത്താൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ പിന്തുണയും പ്രോൽസാഹനവും ഉയർന്ന കാഴ്ചപ്പാടുകളുമാണ് ഇത്തരമൊരു നേട്ടം നിലനിർത്തി മുന്നോട്ടുപോകാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര ഏജൻസികൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് ബഹ്റൈൻ മുന്നോട്ടു നീങ്ങുന്നത്. മനുഷ്യക്കടത്ത് തുടച്ചു നീക്കുന്നതിന് നിയമപരമായ നീക്കങ്ങളോടൊപ്പം ശക്തമായ ബോധവത്കരണങ്ങളും നടത്തുന്നുണ്ട്.
തൊഴിലാളികളുടെ വേതനം ഉറപ്പാക്കൽ, ഗാർഹിക തൊഴിലാളികളുടെ രജിസ്ട്രേഷൻ എന്നിവയിലൂടെ എല്ലാ മേഖലകളിലുമുള്ള തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രധാന ചുവടുവെപ്പുകൾ നടത്താനും ബഹ്റൈന് സാധിച്ചിട്ടുണ്ട്.
നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം, ജുഡീഷ്യൽ സുപ്രീം കൗൺസിൽ,പബ്ലിക് പ്രോസിക്യൂഷൻ, എൽ.എം.ആർ.എ, മനുഷ്യക്കടത്ത് വിരുദ്ധ സമിതി എന്നിവയുടെ സഹകരണം എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.