ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ ബഹ്റൈൻ മുൻപന്തിയിലെന്ന് മന്ത്രിസഭ
text_fieldsമനാമ: ജനാധിപത്യ രീതികൾ ശക്തിപ്പെടുത്തുന്നതിൽ ബഹ്റൈൻ മുൻപന്തിയിലാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. അന്താരാഷ്ട്ര ജനാധിപത്യ ദിനാചരണത്തോടനുബന്ധിച്ചാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ നവീകരണത്തെക്കുറിച്ചും അതിന് ഭരണാധികാരികൾ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയെ കുറിച്ചും ചർച്ച ചെയ്തത്.
പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നടത്തിയ പ്രഭാഷണത്തെ കാബിനറ്റ് സ്വാഗതം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തുണ്ടാകുന്ന ഉണർവ് ആശാവഹമാണ്. ഈ രംഗത്ത് ആത്മാർഥതയോടെ പ്രവർത്തിക്കുന്ന ഏവർക്കും അഭിവാദ്യങ്ങൾ നേരുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഐ.ടി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് യുനെസ്കോ കിങ് ഹമദ് അവാർഡ് ജേതാക്കൾക്ക് അനുമോദനങ്ങൾ നേർന്നു. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ട് കാബിനറ്റിൽ അവതരിപ്പിക്കുകയും ചെയ്തു. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ചു. ഭൂകമ്പ ദുരിതബാധിതർക്ക് അടിയന്തിര സഹായമെത്തിക്കാനുള്ള ഹമദ് രാജാവിന്റെ നിർദേശത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ സമാപിച്ച ജി.20 ഉച്ചകോടിയിൽ ഇന്ത്യയും മിഡിലീസ്റ്റും ആഫ്രിക്കയും തമ്മിൽ സാമ്പത്തിക ഇടനാഴി പദ്ധതി പ്രഖ്യാപിച്ച സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ആൽ സുഊദിന്റെ നടപടിയെ കാബിനറ്റ് സ്വാഗതം ചെയ്തു. വിവിധ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക വഴി മേഖലക്ക് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കഴിയുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. റിയാദ് കേന്ദ്രമാക്കി ഇന്റർനാഷണൽ വാട്ടർ ഓർഗനൈസേഷൻ രൂപവത്കകരിക്കാനുള്ള നീക്കത്തെയും സ്വാഗതം ചെയ്തു.
പ്ലാന്റ് ജനറ്റിക് റിസോഴ്സസ് ഫോർ ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഇന്റർനാഷനൽ കരാറിൽ ബഹ്റൈനും പങ്കുചേരാനുള്ള നിർദേശത്തിന് അംഗീകാരമായി. ബഹ്റൈനും നിരവധി രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ കൂടിയാലോചനകളെക്കുറിച്ച് കരട് ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാനുള്ള നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. ബഹ്റൈൻ പോളിടെക്നികും ഇന്റർനാഷണൽ ട്രെയ്നിങ് സെന്ററും തമ്മിൽ സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെക്കാനും തീരുമാനിച്ചു. 99.9 ശതമാനം സ്ഥാപനങ്ങളും ഉച്ചവിശ്രമ നിയമം പാലിക്കാൻ മുന്നോട്ടു വന്നത് വിജയകരമായിരുന്നുവെന്ന് വിലയിരുത്തി.
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി യോഗത്തോടനുബന്ധിച്ച് നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പുകളെ കുറിച്ച് സുസ്ഥിര വികസന മന്ത്രി വിശദീകരിച്ചു. ഗതാഗത, വാർത്താ വിനിമയ മന്ത്രിയുടെ സൗദി സന്ദർശന റിപ്പോർട്ട് അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.