അറബ് ടൂറിസം വളർച്ചക്ക് ബഹ്റൈൻ പ്രതിജ്ഞാബദ്ധം -മന്ത്രി
text_fieldsമനാമ: വിനോദസഞ്ചാര മേഖലയിലെ പുതിയ സംഭവവികാസങ്ങളും നൂതനപ്രവണതകളും ചർച്ചചെയ്യുന്നതിന് അറബ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ബാന്ദർ ബിൻ ഫഹദ് അൽ ഫുഹൈദുമായി ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സിറാഫി കൂടിക്കാഴ്ച നടത്തി. അറബ് മേഖലയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ നിർണായക സംഭാവനകൾ നൽകുന്നതിന് ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
അറബ് രാജ്യങ്ങളുടെ സാമ്പത്തിക, സാംസ്കാരിക, സാമൂഹിക വളർച്ചക്കുതകുന്നതരത്തിലുള്ള ടൂറിസം പദ്ധതികൾക്ക് ബഹ്റൈന്റെ സംഭാവനകൾ വർധിപ്പിക്കും. ടൂറിസവുമായി ബന്ധപ്പെട്ട മേഖലാതലത്തിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ സമ്മേളനങ്ങളിൽ ബഹ്റൈൻ ഈ വിഷയത്തിന് പ്രാധാന്യം നൽകുന്നുണ്ട്. വിദേശ വിനോദസഞ്ചാരികളെയും നിക്ഷേപവും അറബ് മേഖലയിലേക്ക് കൂടുതലായി എത്തിക്കുന്നതിനുള്ള നടപടികളുടെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം വ്യവസായത്തിന്റെ ഡിജിറ്റൽവത്കരണവും അറബ് മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതും പ്രധാനപ്പെട്ടതാണ്. ബിസിനസ് ടൂറിസം ഉൾപ്പെടെ വിനോദസഞ്ചാര മേഖലക്ക് കരുത്തുപകരുന്ന അറബ് ടൂറിസം ഓർഗനൈസേഷന്റെ പദ്ധതികൾക്ക് മന്ത്രി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.