ബഹ്റൈൻ-ജോർഡൻ സംയുക്ത പ്രസ്താവന സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം വർധിപ്പിക്കും
text_fieldsമനാമ: സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ബഹ്റൈനും ജോർഡനും തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള സംയുക്ത ഉന്നതാധികാര സമിതിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനും ജോർഡനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അര നൂറ്റാണ്ട് പൂർത്തിയായ പശ്ചാത്തലത്തിൽ കൂടിയാണ് സംയുക്ത ഉന്നതാധികാര സമിതി ചേർന്നത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ജോർഡൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ബഷർ ഹാനി അൽ ഖസ് വിനാ എന്നിവർ ചേർന്നാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ഭീഷണികളും ഒറ്റക്കെട്ടായി നേരിടാനും വിവിധ പ്രശ്നങ്ങളിൽ ഏകീകൃത നയനിലപാടുകൾ കൈക്കൊള്ളാനും തീരുമാനമായി.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുളള തീരുമാനങ്ങളുമുണ്ടായിട്ടുണ്ട്.
വലിയ സാമ്പത്തിക വളർച്ചയുണ്ടാക്കുന്ന വ്യാപാര, വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ, പരിസ്ഥിതി, സാംസ്കാരിക, ഗതാഗത, ക്ലൗഡ് കമ്പ്യൂട്ടിങ്, എയർ കാർഗോ സർവിസ് തുടങ്ങിയ മേഖലകളിൽ അർഥപൂർണ സഹകരണം സാധ്യമാക്കാനും യോഗം തീരുമാനിച്ചു.
മേഖലയുടെ സുരക്ഷയും സമാധാനവും സുപ്രധാനമായി കരുതുന്നതിന്റെ ഭാഗമായി സഹവർത്തിത്വവും രാഷ്ട്രീയ നയതന്ത്രജ്ഞതയും കൈമുതലാക്കി മുന്നോട്ടുപോകാനും തീരുമാനമുണ്ട്. ഫലസ്തീൻ പ്രശ്നം മുഖ്യചർച്ചക്ക് വിധേയമായി. ഫലസ്തീനികളുടെ അവകാശം ഹനിക്കാത്ത രൂപത്തിൽ ദ്വിരാഷ്ട്ര ഫോർമുല അംഗീകരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ അംഗീകാരമായി.
ജോർഡനിൽ നിക്ഷിപ്തമായിട്ടുള്ള ഇസ്ലാമിക, ക്രൈസ്തവ വിശുദ്ധ സ്ഥലങ്ങളുടെയും ആരാധനാലയങ്ങളുടെയും സംരക്ഷണം സുപ്രധാനമായ ഒന്നാണെന്ന് വിലയിരുത്തുകയും ഇക്കാര്യത്തിൽ ജോർഡന്റെ അവകാശം ഹനിക്കാൻ ഇടവരരുതെന്നും യോഗം നിർദേശിച്ചു.
കിഴക്കൻ ജറൂസലമിലെ ക്രൈസ്തവ സാന്നിധ്യം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കേണ്ടതുണ്ടെന്നും അഭിപ്രായമുണ്ടായി.
മേഖലയിൽ ഇറാഖിന്റെ പ്രാധാന്യവും ചർച്ചയായി. ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യം വഹിച്ച ബഹ്റൈൻ ഭരണാധികാരികൾക്ക് ഡോ. ബഷർ ഹാനി പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. നേരത്തേ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായും ജോർഡൻ പ്രധാനമന്ത്രി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.