നാഴികക്കല്ലായി ബി.കെ.എസ് ഹാർമണി
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം നാട്ടിലുള്ള ബഹ്റൈൻ പ്രവാസികൾക്കും സമാജം അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ബി.കെ.എസ് ഹാർമണി ശ്രദ്ധേയമായി. പ്രവാസികളുടെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറിയ ബി.കെ.എസ് ഹാർമണി തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
വിദേശ മലയാളികളുടെ ചരിത്രത്തിൽ ബി.കെ.എസ് നടത്തിയ സാംസ്കാരികവും മാനുഷികവുമായ ഇടപെടലുകൾക്ക് സമാനതയില്ലെന്നും വിദേശത്ത് കേരളത്തിന്റെ സവിശേഷമായ സാംസ്കാരിക, സാമൂഹിക നന്മകളുടെ പ്രാതിനിധ്യം നിർവഹിക്കാൻ സമാജത്തിന് സാധിക്കട്ടെ എന്നും ഗവർണർ പറഞ്ഞു. ഓണാശംസകൾ നേർന്ന് മലയാളത്തിൽ ആരംഭിച്ച അദ്ദേഹത്തിന്റെ പ്രസംഗം ഹർഷാരവങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്.
മന്ത്രി ജി.ആർ. അനിൽ, നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. വിൻസന്റ് എം.എൽ.എ, ഹൗസിങ് ബോർഡ് ചെയർമാൻ പി.പി. സുനീർ, നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് കെ. ഹരികൃഷ്ണൻ നമ്പൂതിരി, മജിഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുത്തു. സമാജം വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
നീണ്ടകാലം പ്രവാസികളും സമാജം മെംബർമാരുമായിരുന്നവരുടെ സംഗമത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്നും പഴയ സുഹൃത്തുക്കളുടെ കൂടിച്ചേരൽ ഊഷ്മളമായ അനുഭവമായി മാറിയെന്നും പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. എല്ലാവർഷവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗമങ്ങൾ സംഘടിപ്പിക്കണമെന്ന മെംബർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.അഞ്ഞൂറോളം പേർ പങ്കെടുത്ത സംഗമത്തിൽ ബഹ്റൈനിലെ പ്രവാസി ബിസിനസുകാരായ കെ.ജി. ബാബുരാജ്, സി.പി. വർഗീസ്, രാജശേഖരൻ നായർ എന്നിവരെ ഗവർണർ ആദരിച്ചു. സമാജം മുൻ പ്രസിഡന്റുമാരായ എസ്. കൃഷ്ണമൂർത്തി, വി.പി. മാത്യു, പി.വി. മോഹൻകുമാർ, മുൻ ജന. സെക്രട്ടറിമാരായ മധുസൂദനൻ നായർ, കെ.ആർ. രഘുനാഥ്, പി.പി. ബഷീർ, മധു മാധവൻ, ആഷ്ലി ജോർജ് എന്നിവരെയും മാധ്യമപ്രവർത്തകൻ സോമൻ ബേബിയെയും ഗവർണർ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.