ബഹ്റൈൻ കേരളീയ സമാജം പ്രഥമ വിശ്വകലാരത്ന അവാർഡ് സൂര്യ കൃഷ്ണമൂർത്തിക്ക്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം പ്രഥമ വിശ്വകലാരത്ന അവാർഡ് സൂര്യ കൃഷ്ണമൂർത്തിക്ക് സമ്മാനിക്കും. പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ചെയർമാനും ആർകിടെക്ട് ശങ്കർ, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അംഗങ്ങളുമായ ജൂറി ആണ് അവാർഡ് നിർണയിച്ചത്.
ഇന്ത്യൻ കലകളുടെ സവിശേഷതകളും സൗന്ദര്യവും ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിക്കുകയും സൂര്യ എന്ന പേരിൽ കലാഭിരുചിയുള്ള മനുഷ്യരുടെ മഹാപ്രസ്ഥാനം ആരംഭിക്കുകയും ചെയ്ത സൂര്യകൃഷ്ണ മൂർത്തിയുടെ ബഹുതല സ്പർശിയായ കലാ സേവനങ്ങളിലുള്ള ആദരവ് പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുന്നതെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. അഞ്ചു ലക്ഷം ഇന്ത്യൻ രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മേയ് അഞ്ചിന് സമാജത്തിൽ ഇന്തോ ബഹ്റൈൻ ഫെസ്റ്റ് ഉദ്ഘാടനച്ചടങ്ങിൽ സമ്മാനിക്കും.
മുൻ ഇന്ത്യൻ പ്രസിഡന്റും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുൽ കലാമിനോടൊപ്പം ശാസ്ത്രജ്ഞനായിരുന്ന നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി പിൽക്കാലത്ത് കലാരംഗത്ത് പൂർണ ശ്രദ്ധയർപ്പിക്കുകയായിരുന്നു. ഇന്ത്യൻ ക്ലാസിക്, തനത് കലാശാഖകളെ വിശാലമായ അന്തർദേശീയ വേദികളിൽ സ്ഥാനംനൽകിയത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ്. ലൈറ്റ് ആൻഡ് ഡെയ്ഡ് ഷോകളുടെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ ഉദാരമായ
കലാഭിരുചികൊണ്ട് മാത്രമാണ് വർഷത്തിലെ മിക്കവാറും ദിവസത്തിൽ ലോകത്ത് പല വേദികളിലായി സൂര്യയുടെ ബാനറിൽ സംഗീത നൃത്ത പരിപാടികൾ നടന്നുവരുന്നതെന്നും അവാർഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.