ബഹ്റൈനിൽ വൈറലായി ഗജവീരൻ
text_fieldsമനാമ: മിനിലോറിയിൽ സഞ്ചരിച്ച ഗജവീരനായിരുന്നു കഴിഞ്ഞ ദിവസം ബഹ്റൈനിലെ ചർച്ചാവിഷയം. ബഹ്റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭീമാകാരൻ ആനയെ സമാജത്തിലേക്ക് കൊണ്ടുവരുന്ന കാഴ്ച സാമൂഹിക മാധ്യമങ്ങളിലും വൈറലായി.
ഗുരുവായൂർ കേശവനെപ്പോലെ തലയെടുപ്പുള്ള ആനയാണ് സമാജത്തിൽ എത്തിയത്. സമാജം അംഗമായ അജിത് സർവാെന്റ ഉടമസ്ഥതയിൽ ഹമദ് ടൗണിലുള്ള സർവാൻ ഫൈബർ കമ്പനിയിലാണ് ഗജവീരനെ നിർമ്മിച്ചത്. തടിയിൽ ആനയുടെ രൂപമുണ്ടാക്കി അതിൽ തെർമോകോളും പിന്നീട് ഫൈബറും പൊതിഞ്ഞപ്പോൾ ഉഗ്രൻ കരിവീരനായി. സമാജം അംഗമായ ദിനേശ് മാവൂരാണ് ആനയെ രൂപകൽപന ചെയ്തത്.
ദിനേശും കമ്പനിയിലെ ജീവനക്കാരും ചേർന്ന് ഏകദേശം 45 ദിവസമെടുത്താണ് ആനയെ നിർമ്മിച്ചത്. ചെവിയും തലയും തുമ്പിക്കൈയ്യും വാലും അനക്കുന്ന രീതിയിൽ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, ഓണം അടുത്തതോടെ ആനയെ സമാജത്തിൽ എത്തിക്കുകയായിരുന്നു. ഒണാഘോഷങ്ങൾക്കുശേഷം ജീവൻ തുടിക്കുന്ന രൂപത്തിലേക്ക് ആനയെ മാറ്റുന്നതിനുള്ള ജോലി ആരംഭിക്കും. ആനയുടെ പുറം ഭാഗം സ്വഭാവിക ചർമ്മം പോലെ മൃദുലമാക്കുകയും ചെയ്യും. ശരിക്കും ആനയെ തോടുന്നപോലുള്ള പ്രതീതിയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.
സമാജത്തിനുവേണ്ടി തലയെടുപ്പുള്ള ആനയെ നിർമ്മിക്കണമെന്ന പ്രസിഡന്‍റ് പി.വി രാധാകൃഷ്ണ പിള്ളയുടെ ആഗ്രഹം അജിത് സർവാൻ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.