5000 പേർക്ക് ഓണസദ്യയൊരുക്കി ബഹ്റൈൻ കേരളീയ സമാജം
text_fieldsമനാമ: 50 വിഭവങ്ങളോടെ 5000 പേർക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്റൈൻ കേരളീയ സമാജം ശ്രദ്ധനേടി. പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കിയത്.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഓണസദ്യ ഉദ്ഘാടനം ചെയ്തു. ഇന്ത്യ-ബഹ്റൈൻ നയതന്ത്ര ബന്ധം 50 വർഷം പിന്നിട്ടതിെന്റ സന്തോഷസൂചകമായാണ് 50 വിഭവങ്ങൾ ഒരുക്കാൻ ബഹ്റൈൻ കേരളീയ സമാജം തീരുമാനിച്ചത്.
ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ, വ്യാപാര, വ്യവസായ സമൂഹത്തിലെ പ്രമുഖർ തുടങ്ങിയവർ ഓണസദ്യയിൽ പങ്കാളികളായി. കഴിഞ്ഞ രണ്ടു മാസത്തെ പരിശ്രമങ്ങളുടെ വിജയകരമായ പരിസമാപ്തിയാണ് സമാജത്തിൽ കാണാൻ കഴിഞ്ഞത്. ഭക്ഷണത്തോടൊപ്പം സമാജം ഭരണസമിതി അംഗങ്ങളുടെയും പ്രവർത്തകരുടെയും സ്നേഹവും ഏറ്റുവാങ്ങിയാണ് അതിഥികൾ മടങ്ങിയത്.
കേവലം ഭക്ഷണമൊരുക്കുക എന്നതിലുപരി കേരളീയ സംസ്കാരത്തിെന്റ വിനിമയം സാധ്യമാക്കുന്നതിനും മലയാളി സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ ഇഴയടുപ്പം വളർത്തുന്നതിനും ഇത്തരം പൊതുസദ്യകൾക്ക് സാധ്യമാവുന്നുണ്ടെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
ബഹ്റൈൻ കേരളീയ സമാജത്തോട് ജനങ്ങൾ കാണിക്കുന്ന വിശ്വാസവും സ്നേഹവും സഹകരണവുമാണ് 5000ഓളം ആളുകൾക്ക് സദ്യയൊരുക്കാൻ തങ്ങൾക്ക് പ്രചോദനമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയടക്കം മുന്നൂറോളം വരുന്ന സമാജം പ്രവർത്തകരാണ് ഓണസദ്യയുടെ വിജയത്തിനായി പ്രയത്നിച്ചത്.
മുഴുവൻ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.