പൗരന്മാർക്കായി 50,000 വീടുകളുടെ നിർമാണം വേഗത്തിലാക്കണം -ഹമദ് രാജാവ്
text_fieldsമനാമ: രാജ്യത്തെ പൗരന്മാർക്കായി 50,000 പുതിയ വീടുകളുടെ നിർമാണം വേഗത്തിലാക്കണമെന്ന ഉത്തരവുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊതുസേവനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം സാഖിർ കൊട്ടാരത്തിൽ ചേർന്ന യോഗത്തിലാണ് ഉത്തരവിട്ടത്. വിവിധ ഗവർണറേറ്റുകളിലെ പ്രതിനിധികൾ, മന്ത്രിമാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
ഹമദ് രാജാവിന്റെ ഭവനനിർമാണ നിർദേശം നടപ്പാക്കുന്നതിനായി ഒരു ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായി പാർപ്പിട, നഗരാസൂത്രണ കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി അറിയിച്ചു. ഭവനനിർമാണ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി 2025-2026 ലെ സംസ്ഥാന ബജറ്റിൽ 800 ദശലക്ഷം ദീനാർ അനുവദിച്ചതിനെക്കുറിച്ചും അവർ പരാമർശിച്ചു.
നിലവിലുള്ള ഭവനപദ്ധതികൾ പൂർത്തിയാക്കുക, ഭവന ലഭ്യത വർധിപ്പിക്കുന്നതിന് സ്വകാര്യമേഖലയിലെ സംരംഭങ്ങളെ പിന്തുണക്കുക, ധനസഹായ പരിപാടികൾ വികസിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
പുതിയ ഭവന യൂനിറ്റുകൾ നിർമിച്ച് പൗരന്മാർക്ക് അനുയോജ്യമായ വീടുകൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി ബഹ്റൈനിലെ ഭവനമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
യോഗത്തിനെത്തിയവർക്കും ജനങ്ങൾക്കും റമദാൻ ആശംസകളും ആശീർവാദങ്ങളും അറിയിച്ച ഹമദ് രാജാവ് ‘അൽ മുൻദിർ’ ഉപഗ്രഹ വിക്ഷേപണത്തിന്റെ വിജയത്തിൽ അഭിമാനം പ്രകടിപ്പിച്ചു. ഇത് രാജ്യത്തിന്റെ ശാസ്ത്രപുരോഗതിയിലെ ഒരു നാഴികക്കല്ലാണെന്നും രാജ്യത്തെ പ്രഗൽഭരായ യുവാക്കളുടെ കഴിവുകളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാരോടുള്ള രാജാവിന്റെ പരിപാലനവും അവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളെയും യോഗത്തിനെത്തിയവർ പ്രശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.