ബഹ്റൈൻ കെ.എം.സി.സി സംഘം വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങരയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. മുസ് ലിം ലീഗിന്റെ പുനരധിവാസ പദ്ധതികൾക്ക് മേൽനോട്ടവും ഏകോപനവും നടത്തുന്ന മേപ്പാടിയിലെ മുസ് ലിം ലീഗ് ഓഫിസിലെത്തി മണ്ഡലം ലീഗ് പ്രസിഡന്റ് ടി. ഹംസയുമായി നിലവിലുള്ള സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
കെ.എം.സി.സിയുടെ ഭാഗത്തു നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അതിരുകളില്ലാത്ത സഹായങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയ മുണ്ടക്കൈയിലേക്ക് പ്രത്യേക അനുമതി വാങ്ങിയാണ് കെ.എം.സി.സി സംഘം സന്ദർശിച്ചത്.
പിന്നീട് മൃതശരീരങ്ങൾ സംസ്കരിച്ച ചൂരൽ മലയിൽ പോയി പ്രാർഥന നിർവഹിച്ചു. തുടർന്ന് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ബഹ്റൈൻ കെ.എം.സി.സിയുടെ പ്രവർത്തകന്റെ കുടുംബത്തെ നേരിൽക്കണ്ട് ആശ്വസിപ്പിച്ചു. ഇപ്പോൾ താൽക്കാലിക സ്ഥലത്ത് വാടക വീട്ടിൽ കഴിയുന്ന കുടുംബാംഗങ്ങൾ ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്.
ബന്ധുക്കളെയും അയൽവാസികളെയും മലവെള്ളം കൊണ്ടുപോയതിന്റെ തീരാവേദനയും സങ്കടവും അവരുടെ വാക്കുകളിൽ നിറഞ്ഞു കവിയുകയായിരുന്നു. ഇനിയും കണ്ടുകിട്ടിയില്ലാത്തവരുടെ ശരീരാവശിഷ്ടങ്ങളെ കുറിച്ച് വിവരങ്ങൾ കിട്ടിയോ എന്നറിയാൻ വേണ്ടി കാത്തിരിക്കുന്നവർ നൊമ്പര കാഴ്ചയാണ്. കുഞ്ഞുമക്കളുടെ ചോറ്റ് പാത്രവും മറ്റും മനസ്സിൽ തീർത്ത വേദനയുടെ ആഴം പറഞ്ഞറിയിക്കാനാവില്ല.
ബഹ്റൈൻ കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങരക്കൊപ്പം സ്റ്റേറ്റ് സെക്രട്ടറിമാരായ അഷ്റഫ് കാട്ടിൽ പീടിക, റിയാസ് വയനാട്, മുൻ കെ.എം.സി.സി നേതാക്കളായ അലി കൊയിലാണ്ടി, ഹമീദ് പോതിമഠത്തിൽ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര, അഷ്റഫ് മേപ്പാടി (ഗ്ലോബൽ കെ.എം.സി.സി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്), ഉനൈസ് (കെ.എം.സി.സി ഗ്ലോബൽ സെൻട്രൽ കമ്മിറ്റി ട്രഷറർ) എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.