ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ; ബഹ്റൈൻ-കുവൈത്ത് മത്സരം സമനിലയിൽ
text_fieldsമനാമ: 21ാമത് ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ബഹ്റൈനും കുവൈത്തും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു (28-28). ഖലീഫ സ്പോർട്സ് സിറ്റി ഹാളിൽ നടന്ന ആവേശകരമായ മത്സരം കായികപ്രേമികൾക്ക് നിരവധി ഉജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിച്ചു. മത്സരം അവസാന നാലു മിനിറ്റിലേക്കു നീങ്ങുമ്പോൾ, കുവൈത്ത് 28-26 എന്ന സ്കോറിന് മുന്നിലായിരുന്നു.
എന്നാൽ, 57ാം മിനിറ്റിൽ ബഹ്റൈൻ താരം മുഹമ്മദ് ഹബീബ് കരുത്തുറ്റ നീക്കത്തിലൂടെ ഒരു ഗോൾ സ്വന്തമാക്കി ബഹ്റൈന് ആത്മവിശ്വാസം പകർന്നു. കളിയുടെ അവസാന മിനിറ്റിൽ 28-27ന് പിന്നിലായിരുന്ന ബഹ്റൈന്റെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അലി മെർസ, രണ്ടു ഡിഫൻഡർമാരെ മറികടന്ന് സമനില ഗോൾ നേടുമ്പോൾ കളിതീരാൻ 45 സെക്കൻഡ് മാത്രമേ ശേഷിച്ചിരുന്നുള്ളൂ.
കഴിഞ്ഞ ദിവസം ഇറാഖ്-ദക്ഷിണ കൊറിയ ഗ്രൂപ് രണ്ട് മത്സരവും 22-22ന് സമനിലയിൽ കലാശിച്ചിരുന്നു. ഗ്രൂപ് വണ്ണിൽ നിലവിലെ ചാമ്പ്യന്മാരായ ഖത്തർ യു.എ.ഇയെ 25-21ന് കീഴടക്കിയപ്പോൾ ജപ്പാൻ ഇറാനെ 25-23ന് തോൽപിച്ചു.
ബഹ്റൈൻ ഹാൻഡ്ബാൾ ഫെഡറേഷൻ ഹാളിൽ നടന്ന തങ്ങളുടെ ആദ്യ ഗ്രൂപ് മൂന്ന് മത്സരത്തിൽ സൗദി അറേബ്യ 46-27ന് ന്യൂസിലൻഡിനെ തോൽപിച്ചു. ചൈനീസ് തായ്പേയ് ഹോങ്കോങ്ങിനെ 40-19ന് തോൽപിച്ചു. ഗ്രൂപ് നാലിൽ ചൈന 46-25ന് ഇന്ത്യയെ പരാജയപ്പെടുത്തി. ഒമാൻ കസാഖ്സ്താനെതിരെ നേരിയ വിജയം നേടി. സ്കോർ: 30-29.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.