ടൂറിസം സഹകരണത്തിന് ബഹ്റൈൻ-കുവൈത്ത് ധാരണ
text_fieldsമനാമ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പിൽ കുവൈത്തും ബഹ്റൈനും. മൂന്നു വർഷത്തെ ടൂറിസം സഹകരണ കരാറിന്റെ എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി, ബഹ്റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി എന്നിവർ തങ്ങളുടെ സർക്കാറുകളെ പ്രതിനിധാനം ചെയ്ത് കരാറിൽ ഒപ്പുവെച്ചു. 2024, 2025, 2026 വർഷങ്ങളിലേക്കാണ് സഹകരണ കരാർ. കുവൈത്തുമായുള്ള ടൂറിസം സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ താൽപര്യം അൽ സൈറാഫി വ്യക്തമാക്കി. ജി.സി.സി ടൂറിസത്തെ പുതിയ ചക്രവാളങ്ങളിലേക്ക് ഉയർത്താനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും മന്ത്രി സൂചിപ്പിച്ചു.
ടൂറിസം മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട വൈദഗ്ധ്യത്തിന്റെയും വിവരങ്ങളുടെയും കൈമാറ്റം, സംയുക്ത ടൂറിസം ഇവന്റുകൾ സംഘടിപ്പിക്കൽ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കുള്ളിൽ പ്രമോഷനൽ പരിപാടികൾ ശക്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ ടൂറിസത്തിന്റെ വിവിധ മേഖലകൾ ഇതിൽ ഉൾക്കൊള്ളുന്നതായി അൽ മുതൈരി പറഞ്ഞു. ദേശീയ സാമ്പത്തിക വളർച്ചക്ക് ഗണ്യമായ സംഭാവന നൽകുന്ന സുപ്രധാന മേഖലയാണ് വിനോദസഞ്ചാരം. ഇതിൽ വിവിധ മേഖലകളിൽ ജി.സി.സി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ താൽപര്യവുമായി കരാർ യോജിക്കുന്നതായും അൽ മുതൈരി വ്യക്തമാക്കി. രാജ്യത്ത് ആഭ്യന്തരമായും അന്തർദേശീയമായും ആകർഷകമായ ടൂറിസം അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സുസ്ഥിര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ബഹ്റൈൻ ശ്രദ്ധ കേന്ദ്രീകരിച്ചുവരുകയാണ്.
മന്ത്രി കുവൈത്ത് എയർവേസ് ചെയർമാനുമായി ചർച്ച നടത്തി
മനാമ: കുവൈത്ത് സന്ദർശനത്തോടനുബന്ധിച്ച് ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചെയർപേഴ്സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി കുവൈത്ത് എയർവേസ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മൊഹ്സെൻ സലേം അൽ ഫഗാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കായി പാക്കേജുകളും സേവനങ്ങളും വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത ടൂറിസം പാക്കേജുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
ബഹ്റൈനിന്റെ 2022 -2026 ടൂറിസം സ്ട്രാറ്റജിക്ക് അനുസൃതമായി, ടൂറിസം മേഖലയിലെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം സംരംഭങ്ങൾ വർധിപ്പിക്കുന്നതിനുമായി സംയോജിതനീക്കമുണ്ടാകേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. ബഹ്റൈനും കുവൈത്തും തമ്മിൽ ഒപ്പുവെച്ച ടൂറിസം മേഖലയിലെ സഹകരണ കരാർ സജീവമാക്കുന്നതിനൊപ്പം, കുവൈത്ത് എയർവേസുമായുള്ള ഏകോപനം ജി.സി.സി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.