ബഹ്റൈൻ മെട്രോ: ആദ്യഘട്ടം ടെൻഡർ നടപടികൾ ഉടൻ
text_fieldsമനാമ: ഏറെ പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന ബഹ്റൈൻ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഏഴ് കൺസോർട്ട്യങ്ങളാണ് ലേലത്തിനുണ്ടാകുക. ബഹ്റൈൻ, ഇന്ത്യ, ചൈന, ഈജിപ്ത്, സൗദി അറേബ്യ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള കൺസോർട്ട്യങ്ങളുണ്ട്. ഏകദേശം 29 കി.മീ ദൈർഘ്യമുള്ള ആദ്യഘട്ടം രണ്ട് ഇന്റർചേഞ്ചുകൾ ഉൾപ്പെടെ 20 സ്റ്റേഷനുകളടങ്ങിയതാണ്. മുഹറഖ്, കിങ് ഫൈസൽ ഹൈവേ, ജുഫെയർ, ഡിപ്ലോമാറ്റിക് ഏരിയ, സീഫ് ഡിസ്ട്രിക്ട്, സൽമാനിയ, അധാരി, ഇസ ടൗൺ എന്നിങ്ങനെ ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം.
പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലക്കാകും നിർമാണച്ചുമതല. മെട്രോ രൂപകൽപന, നിർമിക്കുക, നിക്ഷേപം നടത്തുക, പദ്ധതി കൈകാര്യം ചെയ്യുക, പരിപാലിക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ 35 വർഷത്തേക്ക് സ്വകാര്യ മേഖലക്ക് കൈമാറും. അഞ്ചുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കണം. 30 വർഷം ഈ കമ്പനികൾക്ക് മെട്രോ ഓപറേറ്റ് ചെയ്യാമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ഭൂ ഗതാഗതപദ്ധതി മേധാവി ഫദ്വ സെയ്ദ് പറഞ്ഞു. രാജ്യത്തുടനീളമുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കുക, സുരക്ഷിതവും വിശ്വസനീയവും താങ്ങാനാവുന്നതുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്യുക എന്നിവ മെട്രോ വഴി സാധ്യമാക്കാമെന്നാണ് കരുതുന്നത്. വാഹനങ്ങളുടെ ആധിക്യം മൂലം ഇപ്പോൾ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരക്ക് ഒരുപരിധി വരെ മെട്രോ നടപ്പാക്കപ്പെടുന്നതോടെ കുറയുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗവും കുറക്കാൻ സാധിക്കും. 2060 ഓടെ സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിൽ ബഹ്റൈനും കൈകോർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ട്രെയിനുകൾ ഈ ലക്ഷ്യം കൈവരിക്കാൻ സഹായകമാണ്. പരിസ്ഥിതി സംരക്ഷണത്തിനും മെട്രോ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ. 2023-2024 ബജറ്റിൽ 11.7 മില്യൺ ദീനാറും 2029ൽ പൂർത്തിയാകുന്നതുവരെ 91.3 മില്യൺ ദീനാറും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഉയരത്തിൽ കൂടി പോകുന്നതിനാൽ അധികം സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ.
സ്റ്റേഷനുകൾ വരുന്ന ഭാഗത്തുമാത്രമാണ് സ്വകാര്യ വ്യക്തികളിൽനിന്ന് സ്ഥലം ഏറ്റെടുക്കേണ്ടി വരുക. മെട്രോ ട്രാക്ക് നിർണയിക്കുന്നതിനുള്ള പ്രവൃത്തികൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ഇനി സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. നിർദിഷ്ട മെട്രോ ട്രാക്കിൽ വരുന്ന 24 േപ്ലാട്ടുകളുടെ ഭാഗങ്ങൾ വില കൊടുത്തുവാങ്ങാനാണ് പദ്ധതിയിടുന്നത്. മെട്രോക്കുവേണ്ടി വലിയ തോതിലുള്ള സ്ഥലമേറ്റെടുപ്പ് വേണ്ടിവരില്ലെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രി മുഹമ്മദ് അൽ കാബി പറഞ്ഞിരുന്നു. 2018 ൽ രാജ്യം മെട്രോ പദ്ധതി പ്രഖ്യാപിച്ചപ്പോൾ നാലുഘട്ടമായി നിർമാണം പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. രണ്ട് ബില്യൺ യു.എസ് ഡോളറാണ് നിർമാണച്ചെലവ് കണക്കുകൂട്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.