മന്ത്രിസഭ യോഗം: ടൂറിസം മേഖലയുടെ വളർച്ച ഉറപ്പാക്കും
text_fieldsമനാമ: വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കും വിധം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നവീകരിക്കാനും വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ ശൂറാ കൗണ്‍സിലിനും പാര്‍ലമെൻറിനും ജനഹിതമനുസരിച്ച് മുന്നേറാൻ സാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തി. ഏകീകൃത കുടുംബ നിയമത്തിന് അംഗീകാരം നല്കാന് സാധിച്ചത് പ്രത്യേക പരാമർശം അർഹിക്കുന്ന കാര്യമാണ്. വിവിധ നിയമങ്ങള്‍ ചര്‍ച്ച ചെയ്യുകയും പാസാക്കുകയും ചെയ്തതിന് ഇരു സഭകള്‍ക്കും മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. ഹമദ് രാജാവിെൻറ പരിഷ്കരണ പദ്ധതിയുടെ നെടുംതൂണുകളാണ് ജനാധിപത്യ രീതിയില്‍ പ്രവർത്തിക്കുന്ന പാര്‍ലമെൻറും ശൂറ കൗണ്‍സിലും. ഈജിപ്തിലെ മുഹമ്മദ് നജീബ് സൈനിക താവളത്തിെൻറ ഉദ്ഘാടന ചടങ്ങില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല്‍ഖലീഫ പങ്കെടുത്തത് കാബിനറ്റ് വിലയിരുത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമാണിത്. മേഖലക്ക് നേരെയുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഇത് കരുത്ത് പകരും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിന് സൗദി സ്വീകരിച്ചു വരുന്ന സുരക്ഷ നടപടികള്‍ക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. ഖത്തീഫിലുണ്ടായ തീവ്രവാദി അക്രമണത്തിെൻറ വെളിച്ചത്തിലാണ് നടപടികള്‍ ശക്തമാക്കിയിട്ടുള്ളത്. തീവ്രവാദി ഗ്രൂപ്പിെൻറ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സുരക്ഷക്കായി കുവൈത്ത് ഭരണകൂടം സ്വീകരിച്ച നടപടികള്‍ക്കും മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു.
ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും അവരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും രാജ്യത്തിെൻറ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിവിധ മന്ത്രിമാരെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. പൊതുമരാമത്ത്- മുനിസിപ്പല്‍ -നഗരാസൂത്രണകാര്യ മന്ത്രി, പാര്പ്പിടമന്ത്രി, വിദ്യാഭ്യാസ മന്ത്രി, തൊഴില്‍- സാമൂഹിക ക്ഷേമകാര്യ മന്ത്രി, യുവജന-കായിക മന്ത്രി എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഉമ്മുല്‍ ഹസം, ദുറാസ്, ബുദയ്യ റോഡിനോട് ചേര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങൾ സന്ദര്‍ശിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുകയും ഇവിടെ നടപ്പാക്കി വരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യും. പ്രദേശങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ബഹ്റൈന്‍ സന്ദര്‍ശിക്കാനെത്തുന്നവരെ ലക്ഷ്യമിട്ട് കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തയാറാക്കുന്നതിന് തീരുമാനിച്ചു. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിനും രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ തയാറാക്കും. എണ്ണയിതര മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ പ്രതീക്ഷിത വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സഭ വിലയിരുത്തി. ഈ മേഖലയില്‍ 4.3 ശതമാനം വര്‍ധനവാണ് നേടിയിട്ടുള്ളത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് എണ്ണയിതര മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കേണ്ടത് ആവശ്യമാണ്. 2017 ആദ്യ പാദത്തിലെ സാമ്പത്തിക വളര്‍ച്ച റിപ്പോര്‍ട്ട് സഭ ചര്‍ച്ച ചെയ്തു. ആഭ്യന്തര ഉല്പാദന രംഗത്ത് 2.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ- വ്യവസായ- ടൂറിസം മന്ത്രി അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.