ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റൈൻ; 147 രാജ്യങ്ങളുടെ പട്ടികയിൽ 59ാമത്
text_fieldsമനാമ: ലോകത്തിൽ സന്തോഷത്തോടെ ആളുകൾ ജീവിക്കുന്ന രാജ്യങ്ങളുടെ സൂചികയിൽ മുന്നേറ്റവുമായി ബഹ്റൈൻ. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 147 രാജ്യങ്ങളിൽ നിന്ന് 59ാം സ്ഥാനത്താണ് നിലവിൽ ബഹ്റൈൻ. 10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് നേട്ടം.
കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ സന്തോഷ സൂചികയിൽ ഇടിവ് സംഭവിച്ച നിലയിലായിരുന്നു. അന്താരാഷ്ട്ര സന്തോഷദിനമായ മാർച്ച് 20ന് ഗാലപ് പോളിങ് ഏജൻസിയും യു.എന്നുമായി ചേർന്ന് ഓക്‌സ്‌ഫഡ് സർവകലാശാലയുടെ ബെൽബീയിങ് ഗവേഷണകേന്ദ്രം പുറത്തിറക്കിയ ഈ വർഷത്തെ റിപ്പോർട്ടിൽ രാജ്യം നേരിയ പുരോഗതി നേടി. മുൻ വർഷങ്ങളിലായി രാജ്യം കൈവരിച്ച ഏറ്റവും വലിയ റാങ്കിങ് 2020ൽ നേടിയ 22ാം സ്ഥാനമാണ്. ഏറ്റവും കുറഞ്ഞത് 2012ലെ 79ാം സ്ഥാനവും.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ 21ാം സ്ഥാനം നേടി യു.എ.ഇ ഒന്നാമതുണ്ട്. തൊട്ടുപിന്നാലെ കുവൈത്ത് 30ാമതും സൗദി അറേബ്യ 32ാമതും ഒമാൻ 52ാമതും സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. എന്നാൽ, ഈ വർഷത്തെ റിപ്പോർട്ടിൽ ഖത്തർ ഉൾപ്പെട്ടിട്ടില്ല.
ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് സൂചികയിൽ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതർലാൻഡ്‌സ്, കോസ്റ്റാറിക്ക, നോർവെ, ഇസ്രായേൽ, ലക്സംബർഗ്, മെക്‌സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. കാനഡ 18-ാം സ്ഥാനത്തും ജർമനി 22ഉം യു.കെ 23ഉം അമേരിക്ക 24ഉം സ്ഥാനത്തുമാണ്.
പട്ടികയിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 118-ാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ, അയൽ രാജ്യമായ പാകിസ്‌താനും യുദ്ധം നേരിടുന്ന ഫലസ്‌തീനും യുക്രൈനും ആഫ്രിക്കൻ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ചൈന ഏറെ മുന്നിലാണ്. 68-ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാൾ (92) എന്നിങ്ങനെയാണ് മറ്റ് അയൽരാജ്യങ്ങളുടെ സ്ഥാനം.
ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ജനങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തിയാണ് റാങ്കിങ് കണക്കാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.