ബഹ്‌റൈൻ ദേശീയ ദിനാഘോഷം; കെ.എം.സി.സി സമൂഹ രക്തദാനം നാളെ
text_fieldsമനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 41ാമത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 13ന് രാവിലെ ഏഴു മുതല്‍ ഒന്നു വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും.
മലബാർ ഗോൾഡാണ് രക്തദാന സ്പോൺസർ. ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്തും.
സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്ന പേരില്‍ കെ.എം.സി.സി 16 വർഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്ത് നിരവധി പേരാണ് കെ.എം.സി.സി മുഖേന രക്തം നൽകിയത്. 2009ലാണ് കെ.എം.സി.സി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 6500ലധികം പേരാണ് ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്തദാനം നടത്തിയത്.
കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌സൈറ്റും blood book എന്ന പേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
13ന് നടക്കുന്ന ക്യാമ്പിന് മുന്നോടിയായി വളന്റിയർ, രജിസ്ട്രേഷന്‍, ട്രാന്‍സ്പോര്‍ട്ട്, ഫുഡ്, പബ്ലിസിറ്റി, റിസപ്ഷന്‍ തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു.
ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍, ഐ.സി.ആർ.എഫ് പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താൽപര്യമുള്ളവര്‍ക്ക് 39841984, 34599814,33495982 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. വാഹന സൗകര്യം ആവശ്യമുള്ളവർക്ക് 33189006 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, എ.പി ഫൈസൽ (ചെയർമാൻ, രക്തദാനം), ഉമർ മലപ്പുറം (കൺവീനർ രക്തദാനം), അഷ്‌റഫ് കാട്ടിൽപ്പീടിക (സെക്രട്ടറി, കെ.എം.സി.സി), ഫൈസൽ കണ്ടിത്താഴ (സെക്രട്ടറി, കെ.എം.സി.സി), അഷ്‌റഫ് കെ.കെ (കൺവീനർ മീഡിയ വിങ്), മുഹമ്മദ് ഹംദാൻ (റീജ്യൻ മാർക്കറ്റിങ്, മലബാർ ഗോൾഡ്) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.