വിദൂര സംവേദന മാർഗങ്ങളുടെ ഉപയോഗം കാർഷിക മേഖലയിൽ: റൂർക്കി ഐ.ഐ.ടി ശിൽപശാലയിൽ പങ്കാളിയായി ബഹ്റൈൻ
text_fieldsമനാമ: ഇന്ത്യയിലെ റൂർക്കി ഐ.ഐ.ടി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയിൽ ബഹ്റൈനിലെ നാഷനൽ സ്പേസ് സയൻസ് അതോറിറ്റി പ്രതിനിധികൾ പങ്കെടുത്തു.
വിദൂര സംവേദന മാർഗങ്ങളും ഭൗമ വിവരങ്ങളും കാർഷിക മേഖലയിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ചായിരുന്നു പരിശീലന പരിപാടി.
കാർഷിക മേഖലയിൽ വിദഗ്ധരായ 23 പേരാണ് ശിൽപശാലയിൽ പങ്കെടുത്തത്.
ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക മേഖലയിൽ നേട്ടമുണ്ടാക്കാൻ കഴിയുന്നതിനെക്കുറിച്ച് ചർച്ചചെയ്തു. വിവിധ രാജ്യങ്ങളിൽ ഈ മേഖലയിലുള്ള അറിവ് പങ്കുവെക്കാനും പഠിക്കാനും ഇത്തരം അന്താരാഷ്ട്ര പരിശീലന പരിപാടികൾ സഹായിക്കുമെന്ന് നാഷനൽ സ്പേസ് സയൻസ് അതോറിറ്റിയിലെ സീനിയർ സ്പേസ് ഡേറ്റ അനലിസ്റ്റ് പ്രഫ. ഐഷ അൽ ഹജ്രി പറഞ്ഞു.
ബഹ്റൈനിലെ കാർഷിക മേഖലയിൽ ഈ അറിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന സാമ്പത്തിക പ്രവർത്തനമായി കാർഷിക മേഖല മാറിയിരിക്കുന്നുവെന്ന് സീനിയർ സ്പേസ് ഡേറ്റ അനലിസ്റ്റ് റോയ ബുബ്ശൈത് പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം, നാഗരിക മാറ്റങ്ങൾ തുടങ്ങിയ കാർഷിക മേഖലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയെക്കുറിച്ച് ശരിയായ അറിവ് നേടുന്നത് നയരൂപവത്കരണത്തിൽ പ്രധാനമാണ്.
കാർഷിക മേഖലയിലെ ശാസ്ത്രീയ പഠനങ്ങൾക്കും ഗവേഷണത്തിനുമുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു പരിശീലന പരിപാടിയെന്നും അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.