ഐ.എസിനെതിരെയുള്ള സഖ്യരാഷ്ട്ര യോഗത്തിൽ പങ്കാളിയായി ബഹ്റൈൻ
text_fieldsമനാമ: ഐ.എസിനെതിരെയുള്ള സഖ്യരാഷ്ട്ര യോഗത്തിൽ ബഹ്റൈൻ പങ്കാളിയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് മൊറോകോയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. മൊറോകോ വിദേശകാര്യ മന്ത്രി നാസിർ ബൂരീത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്ന് 85ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. ഐ.എസിനെതിരെയുള്ള പോരാട്ടം തുടരണമെന്നും കൂടുതൽ ഉറച്ച കാൽവെപ്പുകളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഡോ. സയാനി പറഞ്ഞു.
പുതിയ രാജ്യങ്ങളിലേക്ക് ഐ.എസ് സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ശ്രമത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സാധിക്കണം. അവരുടെ തന്ത്രങ്ങൾ തിരിച്ചറിയാനും ഫലപ്രദമായ മാർഗങ്ങൾ അവലംബിച്ച് ചെറുക്കാനും കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാല പ്രതിസന്ധിക്കിടയിലും ഐ.എസ് വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്താൻ സാധിച്ചതായി യോഗം വിലയിരുത്തി.
ബഹ്റൈൻ-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല ആൽ സുഊദുമായി കൂടിക്കാഴ്ച നടത്തി. മൊറോകോയിൽ ഐ.എസിനെതിരെ പോരാടാനുള്ള അന്താരാഷ്ട്ര സഖ്യ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ മെച്ചമാണെന്ന് വിലയിരുത്തുകയും അവ ഊഷ്മളമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.