ബഹ്റൈൻ പോർട്ട് സമ്പൂർണമായും സൗരോർജത്തിലാക്കും
text_fieldsമനാമ: ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖം പൂർണമായും സൗരോർജമുപയോഗിച്ച് പ്രവർത്തിക്കുന്ന സംരംഭമാക്കി ഈ വർഷം മാറ്റുമെന്ന് തുറമുഖത്തിന്റെ ഓപറേറ്ററായ എ.പി.എം ടെർമിനൽസ് പ്രഖ്യാപിച്ചു. 3.8 ദശലക്ഷം ദീനാർ (10 മില്യൺ യു.എസ് ഡോളർ) ചെലവുവരുന്ന സോളാർ പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതി പ്രവർത്തിച്ചുതുടങ്ങുമെന്ന് എ.പി.എം ടെർമിനൽസ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നതോടെ കാർബൺ ബഹിർഗമനം 65 ശതമാനം കുറക്കാനാകുമെന്നാണ് കരുതുന്നത്. ഇത് പാരിസ്ഥിതിക സൗഹാർദ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമാണ്. മേഖലയിലെ ആദ്യത്തെ പൂർണ ഊർജ സ്വയം പര്യാപ്തതയുള്ള തുറമുഖമായി ഇതോടെ ഖലീഫ ബിൻ സൽമാൻ തുറമുഖം മാറും. ആഗോളതലത്തിലുള്ള ഡീകാർബണൈസേഷൻ പദ്ധതികളുടെ ചുവടുപിടിച്ചാണ് പാരമ്പര്യേതര ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബഹ്റൈൻ സർക്കാർ ഇതു സംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. വലിയ സംരംഭങ്ങളെല്ലാം സൗരോർജത്തിലേക്ക് മാറ്റാനുള്ള തീരുമാനമാണ് മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. ഇതിനു ചുവടുപിടിച്ചാണ് സമ്പൂർണ സൗരോർജ സംരംഭമെന്ന് തുറമുഖ അധികൃതർ പറഞ്ഞു.
2030ഓടെ കാർബൺ എമിഷൻ 70 ശതമാനമായി കുറക്കുക, 2040ഓടെ പൂജ്യം കാർബൻ എമിഷൻ കൈവരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. തുറമുഖത്തിന്റെ ഭാഗമായ നാല് വെയർ ഹൗസുകളുടെ മേൽക്കൂരയിലാണ് സോളാർ സെല്ലുകൾ സ്ഥാപിക്കുന്നത്. 70,000 ചതുരശ്ര മീറ്റർ വരുന്ന പ്രദേശത്ത് സോളാർ സെല്ലുകൾ സ്ഥാപിക്കും. 20,000 സോളാർ ഫോട്ടോ വോൾട്ടെയ്ക് സെല്ലുകളാണ് സ്ഥാപിക്കുകയെന്ന് അധികൃതർ പറഞ്ഞു.
പ്രതിവർഷം 18.5 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പാനലുകൾ. ഇപ്പോൾ തുറമുഖത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വൈദ്യുതി, പ്ലാന്റ് പൂർണ പ്രവർത്തനസജ്ജമാകുമ്പോൾ ലഭ്യമാകും. കണ്ടെയ്നർ കൈകാര്യം ചെയ്യൽ, ക്രെയിൻ പ്രവർത്തനങ്ങൾ, ലൈറ്റിങ് എന്നിവയുൾപ്പെടെ വിവിധ തുറമുഖ പ്രവർത്തനങ്ങൾക്കാവശ്യമായ മുഴുവൻ ഊർജവും ഇതിലൂടെ ലഭ്യമാകും. കാർബൺ ന്യൂട്രൽ ബഹ്റൈൻ എന്ന സർക്കാറിന്റെ ലക്ഷ്യം കൈവരിക്കാൻ എല്ലാവിധ സഹകരണവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും എ.പി.എം ടെർമിനൽസ് അധികൃതർ പറഞ്ഞു.
എ.പി മോളർ മെർസ്കിന്റെ എല്ലാ സ്ഥാപനങ്ങളിലും 2040ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. ബഹ്റൈൻ ഖലീഫ ബിൻ സൽമാൻ തുറമുഖത്തിന്റെ (കെ.ബി.എസ്.പി) 64 ശതമാനം ഓഹരികളും നെതർലൻഡ്സ് ആസ്ഥാനമായ എ.പി മോളർ മെർസ്കിന്റെ ഉപസ്ഥാപനമായ എ.പി.എം ടെർമിനൽസിനാണ്.
16 ശതമാനം ഓഹരികൾ യൂസുഫ് ബിൻ അഹമ്മദ് കാനൂ ഹോൾഡിങ്സിനുമാണ്. ബാക്കി 20 ശതമാനം വിവിധ കോർപറേറ്റ്, വ്യക്തിഗത ഓഹരി ഉടമകളുടെ കൈവശമാണ്. ലോകമാകമാനം 65 ടെർമിനലുകൾ നിലവിൽ കമ്പനി നേരിട്ടും സംയുക്ത സംരംഭമായും കൈകാര്യം ചെയ്യുന്നു. 22,000 പ്രഫഷനലുകൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പ്രതിദിനം 250 ഷിപ്പുകളും 12.8 മില്യൺ ചരക്കുനീക്കവും ഏകദേശം കമ്പനി കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.