ബഹ്റൈൻ പ്രതിഭ സ്വാതന്ത്ര്യ ദിനാഘോഷവും വേനൽ തുമ്പി ക്യാമ്പ് സമാപനവും
text_fieldsമനാമ: ബഹ്റൈൻ പ്രതിഭയുടെ 78ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും വേനൽ തുമ്പി 2024 സമ്മർ ക്യാമ്പ് സമാപനവും സഗയ ബി.എം.സി ഹാളിൽ നടന്നു. പരിപാടി ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു.
പ്രവാസത്തിൽ നിൽക്കുമ്പോൾ നാനാത്വത്തിൽ ഏകത്വമുള്ള നാട് വളരെ സുന്ദരമായി നമുക്കനുഭവപ്പെടുന്നുണ്ട്. ആ വർണാഭവും ഏകതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാൻ ഇന്ത്യാക്കാരായ നമ്മൾ ഓരോരുത്തരും കടപ്പെട്ടവരാണെന്നും ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതവും പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷതയും വഹിച്ചു. മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് അഭിവാദ്യങ്ങൾ അർപ്പിച്ചു. ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകര ക്യാമ്പ് അനുഭവങ്ങൾ വിവരിച്ചു.
പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.കെ. വീരമണി, ക്യാമ്പ് ടീച്ചേർസ് കോഓഡിനേറ്റർ ബിന്ദു റാം, വേനൽ തുമ്പി ക്യാമ്പ് സംഘാടക സമിതി കൺവീനർ ജയകുമാർ, വനിത വേദി സെക്രട്ടറി റീഗ പ്രദീപ്, പ്രതിഭ ബാലവേദി പ്രസിഡന്റ് അഥീന പ്രദീപ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവും ക്യാമ്പ് ജോയന്റ് കൺവീനറുമായ സജീവൻ മാക്കാണ്ടി നന്ദി പ്രകാശിപ്പിച്ചു. അഞ്ച് മുതൽ 15 വയസ്സ് വരെയുള്ളവരുടെ വേനൽ തുമ്പി ക്യാമ്പ് കഴിഞ്ഞ നാൽപത് ദിവസമായി അദിലിയയിലെ സീഷെൽ ഹോട്ടൽ ഹാളിൽ നടന്നുവരുകയായിരുന്നു. സാമൂഹിക പ്രസക്തിയുള്ള അവരുടെതന്നെ ആശയങ്ങൾക്ക് പരിശീലനം ലഭിച്ചപ്പോൾ മനോഹരമായ കലാവിരുന്നായി സമാപനവേദി മാറി.
ചടങ്ങിൽ പ്രതിഭ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കാരുണ്യ ഫണ്ടായ സാന്ത്വനം ഫണ്ടിലേക്ക് മുഹറഖ് മേഖല കമ്മിറ്റി സ്വരൂപിച്ച തുക പ്രതിഭ കേന്ദ്ര കമ്മിറ്റി ട്രഷറർ രഞ്ജിത്ത് കുന്നന്താനം മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകാരനിൽനിന്ന് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.