ബഹ്റൈൻ പ്രതിഭ നൂറാമത് രക്തദാന ക്യാമ്പ് ഡിസംബർ 16ന്
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി ഡിസംബർ 16ന് നൂറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ബഹ്റൈൻ പ്രതിഭ തീരുമാനിച്ചു. കിങ് ഹമദ് ആശുപത്രിയിലാണ് നൂറാമത് ക്യാമ്പ് നടത്തുന്നത്.1989ലാണ് തൊഴിലാളികളും സാധാരണ ജോലിക്കാരുമടങ്ങിയ പ്രതിഭ പ്രവർത്തകർ മനുഷ്യ കാരുണ്യത്തിന്റെ മഹത്തായ മാതൃകയായ രക്തദാനം നിർവഹിച്ചു തുടങ്ങിയത്. അക്കാലത്ത് ഒരു രക്തദാതാവിന് ഏഴ് ദീനാർ വെച്ച് ലഭിച്ചിരുന്നു.
സൽമാനിയ മെഡിക്കൽ സെന്ററിലെ രക്തബാങ്കിൽ നടത്തിയ ആദ്യ രക്തദാനത്തിൽ നാനൂറ് ദീനാറാണ് സൽമാനിയ അധികൃതർ പ്രതിഭക്ക് കൈമാറിയത്. ആ പണമാകട്ടെ കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള ബഹ്റൈൻ സൊസൈറ്റിക്ക് കൈമാറി മറ്റൊരു മഹത്തായ മാതൃകയും പ്രതിഭ സൃഷ്ടിക്കുകയുണ്ടായി.
കഴിഞ്ഞ റമദാൻ കാലത്ത് മുപ്പത് ദിവസം തുടർച്ചയായി കിങ് ഹമദ് ആശുപത്രിയിൽ നടത്തിയ റിലേ രക്തദാനം ഉൾപ്പെടെ സൽമാനിയ, ബി.ഡി.എഫ് ആശുപത്രി എന്നിവിടങ്ങളിൽ പ്രതിഭ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ വിവിധ മേഖലകൾ, യൂനിറ്റുകൾ എന്നിവ ചേർന്ന് ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം 99 ക്യാമ്പുകൾ നടത്തുകയുണ്ടായി.
കിടപ്പുരോഗികളെയും അപകടാവസ്ഥയിൽ ആയവരെയും സംരക്ഷിക്കുക എന്നത് മുഖ്യ നിലപാടായെടുത്ത ബഹ്റൈൻ പ്രതിഭ സ്വദേശികൾക്കും പ്രവാസികൾക്കും വേണ്ടി നൂറാമത് ക്യാമ്പിന് ശേഷവും രക്തദാനം നൽകാൻ തയാറാണെന്നും പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ, ഹെൽപ് ലൈൻ കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഷാദ് പൂനൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.