മാർപാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി ബഹ്റൈൻ, സന്ദർശനത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു
text_fieldsമനാമ: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി രാജ്യം. മാർപാപ്പയുടെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. നവംബർ മൂന്നിന് വൈകീട്ട് 4.45ന് സഖീർ എയർബേസിൽ എത്തിച്ചേരുന്ന മാർപാപ്പക്ക് ഔദ്യോഗിക സ്വീകരണം നൽകും. 5.30ന് സഖീർ പാലസിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. 6.10ന് സഖീർ പാലസ് മുറ്റത്ത് സ്വീകരണ പരിപാടി ഒരുക്കും. 6.30ന് വിവിധ മേഖലകളിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.നവംബർ നാലിന് രാവിലെ 10 മണിക്ക് സഖീർ റോയൽ പാലസ് അൽ ഫിദ സ്ക്വയറിൽ 'കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിന്' വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. വൈകീട്ട് നാലിന് അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തും. 4.30ന് സഖീർ പാലസ് മോസ്കിൽ മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. 5.45ന് ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ ക്രൈസ്തവ സഭ പ്രതിനിധികളുമായി കൂടിക്കാഴ്ചയും തുടർന്ന് സമാധാനത്തിനുവേണ്ടിയുള്ള പ്രാർഥനയും നടക്കും.
നവംബർ അഞ്ചിന് രാവിലെ 8.30ന് ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ അദ്ദേഹം ദിവ്യബലി അർപ്പിക്കും. വൈകീട്ട് അഞ്ചിന് സേക്രഡ് ഹാർട്ട് സ്കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. നവംബർ ആറിന് രാവിലെ 9.30ന് മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ പ്രാർഥനയും 12.30ന് സഖീർ എയർബേസിൽ അദ്ദേഹത്തിന് യാത്രയയപ്പും നൽകും.
നവംബർ അഞ്ചിന് ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ www.bahrainpapalvisit.org എന്ന വെബ്സൈറ്റിൽ വൈകാതെ പ്രസിദ്ധീകരിക്കും.
ബഹ്റൈനിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ക്രൈസ്തവ വിശ്വാസികൾക്ക് ക്വോട്ട സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ നടക്കുന്ന കുർബാന ലൈവായി സംപ്രേക്ഷണം ചെയ്യുമെന്ന് നോർത്തേൺ അറേബ്യ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് പോൾ ഹിൻഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.