ബഹ്റൈൻ-ഖത്തർ വിമാന സർവിസ് 25 മുതൽ
text_fieldsമനാമ: ബഹ്റൈൻ- ഖത്തർ വിമാന സർവിസ് ഈമാസം 25ന് പുനരാരംഭിക്കാനുള്ള തീരുമാനം പ്രവാസി മലയാളികൾക്കും ഗുണകരമാകും. നിലവിൽ ദോഹയിലേക്ക് പോകണമെങ്കിൽ ഒമാൻ, കുവൈത്ത് വഴി പോകണമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സർവിസ് പുനരാരംഭിക്കുന്നതെന്നും പൗരന്മാരുടെ പൊതുവായ ആഗ്രഹം അതാണെന്നും സിവിൽ ഏവിയേഷൻ അഫയേഴ്സ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
2017ൽ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിനു പിന്നാലെയാണ് വ്യോമ ഗതാഗതവും നിലച്ചത്. നയതന്ത്ര ബന്ധവും യാത്രാമാർഗവും ഇതേത്തുടർന്ന് നിശ്ചലമായി. 2021ൽ സൗദിയിൽ നടന്ന അൽ ഉല ഉച്ചകോടിക്കു പിന്നാലെയാണ് ഉപരോധം നീങ്ങുന്നതും വിവിധ രാജ്യങ്ങൾ ഖത്തറുമായും തിരിച്ചും ബന്ധം പുനഃസ്ഥാപിക്കുന്നതും. എന്നാൽ, ബഹ്റൈനും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം പുനരാരംഭിച്ചിരുന്നില്ല.
ഏതാനും ആഴ്ച മുമ്പ് റിയാദിലെ ജി.സി.സി ആസ്ഥാനത്ത് നടന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥതല ഫോളോഅപ് കമ്മിറ്റിയിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമാനയാത്രയും പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്നത്.
വിമാനയാത്ര സൗകര്യം നിലവിൽ വന്നു കഴിഞ്ഞാൽ, ഇരുരാജ്യങ്ങളുടെയും ദേശീയ എയർലൈൻ കമ്പനികളായ ഖത്തർ എയർവേസ്, ഗൾഫ് എയർ എന്നിവയുടെ സർവിസുണ്ടാകും. ബിസിനസ് സമൂഹമുൾപ്പെടെയുള്ള പ്രവാസി മലയാളികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.
വിനോദസഞ്ചാരമേഖലക്ക് ഉണർവുണ്ടാകും:
മനാമ: ബഹ്റൈൻ- ഖത്തർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വിനോദസഞ്ചാരമേഖലക്ക് വലിയതോതിൽ ഉണർവുണ്ടാക്കും. കോവിഡ് കാലത്തെ തിരിച്ചടികൾക്കുശേഷം ബഹ്റൈനിലെ ടൂറിസം മേഖല വൻകുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
2022ൽ ബഹ്റൈനിലെത്തിയ സന്ദർശകരുടെ എണ്ണം 9.9 ദശലക്ഷമാണ്. ലക്ഷ്യമിട്ടതിലും 19 ശതമാനം വർധനയാണുണ്ടായത്. ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിനായി 10 ബില്യൺ യു.എസ് ഡോളറാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഗ്രാൻഡ് പ്രീ കാറോട്ട മത്സരം, യുനെസ്കോ അംഗീകരിച്ച ചരിത്രസ്മാരകങ്ങൾ, ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി, ബീച്ച് ടൂറിസം തുടങ്ങിയവ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. യൂറോപ്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വൻ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ടൂറിസ്റ്റുകൾ ഇവിടെ ചെലവഴിക്കുന്ന തുകയും തങ്ങുന്ന ദിവസങ്ങളുടെ എണ്ണവും വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗദിയിൽനിന്ന് വാരാന്ത്യങ്ങളിലെത്തുന്ന ടൂറിസ്റ്റുകളൂടെ എണ്ണത്തിലും വർധനവുണ്ട്.
ഖത്തറിൽനിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നും വൻതോതിൽ ടൂറിസ്റ്റുകളെ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. ഖത്തർ വിമാന സർവിസ് പുനരാരംഭിച്ചത് ടൂറിസ്റ്റുകളുടെ എണ്ണം ഇനിയും വർധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ബഹ്റൈനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പേൾ ഇൻഡസ്ട്രി അടക്കമുള്ള സവിശേഷതകളെയും പ്രചരിപ്പിക്കാനുള്ള നടപടികൾ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി നടത്തിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.