ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ ബഹ്റൈൻ-ഖത്തർ ചർച്ച
text_fieldsമനാമ: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനും ഖത്തറും തമ്മിൽ ചർച്ച നടത്തി. സൗദി അറേബ്യയിലെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയും പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് 2021 ജനുവരി അഞ്ചിന് സൗദി അറേബ്യയിൽ നടന്ന അൽ ഉച്ചകോടിയുടെ പ്രഖ്യാപനമനുസരിച്ച് ഉഭയകക്ഷി സമിതികൾ തമ്മിൽ സംഭാഷണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും എടുത്തുപറഞ്ഞു. കഴിഞ്ഞ മാസം ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും തമ്മിൽ ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.
ബഹ്റൈനിലെയും ഖത്തറിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത സംഭാഷണത്തിൽ പ്രിൻസ് സൽമാൻ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.