ചരക്കുനീക്കം; ജി.സി.സിയിലെ മികച്ച രണ്ടാമത്തെ രാജ്യമായി ബഹ്റൈൻ
text_fieldsമനാമ: ചരക്കുനീക്കത്തിന്റെ കാര്യത്തിൽ ജി.സി.സിയിലെ മികച്ച രണ്ടാമത്തെ രാജ്യമെന്ന പദവി ബഹ്റൈന്. ലോകബാങ്ക് പ്രസിദ്ധീകരിച്ച ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് 2023അനുസരിച്ചാണ് അറബ് ലോകത്ത് ബഹ്റൈൻ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 34-ാം സ്ഥാനവും നേടിയത്. ലോജിസ്റ്റിക്സ് രംഗത്ത് ജി.സി.സിയിലെ ഏറ്റവും വികസിക്കുന്ന രാജ്യം എന്ന പദവിയും ബഹ്റൈനാണ്. പട്ടികയിൽ 2018 മുതൽ നോക്കുകയാണെങ്കിൽ ബഹ്റൈൻ 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി, കയറ്റുമതി മേഖലയിലെ കുറഞ്ഞ കാലതാമസത്തിന്റെ അടിസ്ഥാനത്തിൽ ജി.സി.സിയിൽ ബഹ്റൈൻ ഒന്നാം സ്ഥാനത്താണ്.
കസ്റ്റംസ് ക്ലിയറൻസിന്റെ കാര്യക്ഷമത, വ്യാപാര-ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം, മത്സരാധിഷ്ഠിത വിലയുള്ള അന്താരാഷ്ട്ര ഷിപ്പ്മെന്റുകൾ ക്രമീകരിക്കുന്നതിനുള്ള എളുപ്പം എന്നിങ്ങനെ ആറു ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് 2022 മേയ് മുതൽ ഒക്ടോബർ വരെയുള്ള പ്രകടനം വിലയിരുത്തി 139 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ലോജിസ്റ്റിക് സേവനങ്ങളുടെ ഗുണനിലവാരം, ചരക്കുകൾ ട്രാക്ക് ചെയ്യാനുള്ള കഴിവ്, സമയബന്ധിതമായ സേവനം എന്നിവയിൽ ബഹ്റൈൻ മികച്ച പ്രകടനം രേഖപ്പെടുത്തി.
ബഹ്റൈനിന്റെ ഉയർന്ന റാങ്കിങ് കരുത്തുറ്റ വിതരണ ശൃംഖലയുടെയും വിപുലമായ ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചറിന്റെയും പ്രതിഫലനമാണെന്ന് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫ് മാനുഫാക്ചറിങ്, ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് സുൽത്താൻ പറഞ്ഞു. ഗൾഫിലേക്കുള്ള പ്രവേശനകവാടമായി ബഹ്റൈൻ മാറിയിരിക്കുന്നു. പ്രത്യേക സാമ്പത്തികമേഖലയുടെ പ്രയോജനം രാജ്യങ്ങൾക്ക് ഗുണകരമാണ്. മുൻനിര ആഗോള ലോജിസ്റ്റിക് സേവന കേന്ദ്രങ്ങളിലൊന്നായി രാജ്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോജിസ്റ്റിക്സ് സേവനങ്ങൾക്കായുള്ള മികച്ച 20 ആഗോള ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ബഹ്റൈനെ മാറ്റിയെടുക്കാനും 2030 ആകുമ്പോഴേക്കും ഈ മേഖലയുടെ ജി.ഡി.പി വിഹിതം 10 ശതമാനം ആക്കാനും രാജ്യം ലക്ഷ്യമിട്ടിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവന പദ്ധതി ഇത് സൂചിപ്പിച്ചിരുന്നു. 2022-26 കാലയളവിനെ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ നിയമങ്ങളും ചട്ടങ്ങളും അവലോകനം ചെയ്യൽ, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, നയങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തൽ, നിക്ഷേപകർക്ക് പ്രോത്സാഹനങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിക്ഷേപം പ്രോത്സാഹിപ്പിച്ച് സാമ്പത്തിക വളർച്ച കൈവരിക്കാനും സാമ്പത്തിക പുനരുജ്ജീവന പദ്ധതി ലക്ഷ്യമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.