സുഡാൻജനതക്ക് ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി 100,000 ഡോളർ കൈമാറി
text_fieldsമനാമ: ആഭ്യന്തരയുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സുഡാൻ ജനതക്ക് ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി (ബി.ആർ.സി.എസ്) 100,000 ഡോളർ സംഭാവന അയച്ചു. സുഡാനിലെ ജനങ്ങൾക്ക് കൂടുതൽ സഹായം എത്തിക്കാൻ ബഹ്റൈനിലെ നിരവധി എൻ.ജി.ഒകളുമായി സൊസൈറ്റി ബന്ധപ്പെട്ടുവരുകയാണെന്ന് ബി.ആർ.സി.എസ് സെക്രട്ടറി ജനറൽ മുബാറക് അൽ ഹാദി പറഞ്ഞു. സഹായം സുഡാനീസ് എംബസി ചാർജ് ഡി അഫയേഴ്സ് അബ്ദുറഹ്മാൻ അബ്ദുറഹ്മാന് കൈമാറി.
പ്രതിസന്ധിഘട്ടത്തിൽ സുഡാനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിന് ബി.ആർ.സി.എസിന്റെ നടപടി സഹായകരമാണെന്ന് സുഡാനീസ് എംബസി ചാർജ് ഡി അഫയേഴ്സ് അബ്ദുറഹ്മാൻ അബ്ദുറഹ്മാൻ പറഞ്ഞു. പ്രതിസന്ധികളും ദുരന്തങ്ങളുമുണ്ടാകുമ്പോൾ ദുരിത ബാധിതർക്ക് സഹായം നൽകുന്നതിൽ ബഹ്റൈൻ എപ്പോഴും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യത്വവും അന്താരാഷ്ട്ര ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്നതിനൊപ്പം ലോകസമാധാനത്തിനും സുസ്ഥിരതക്കും വേണ്ടി നിലകൊള്ളുക എന്നത് രാജ്യത്തിന്റെ പ്രഖ്യാപിതനയമാണെന്ന് ബി.ആർ.സി.എസ് സെക്രട്ടറി ജനറൽ മുബാറക് അൽ ഹാദി പറഞ്ഞു. സുഡാനിലെ സഹോദരങ്ങൾ അഭിമുഖീകരിക്കുന്ന നിലവിലെ പ്രയാസകരമായ സാഹചര്യങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്. അടിയന്തരമായ സാഹചര്യത്തിൽ സഹായം നൽകുക എന്നത് കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ചില സുഡാനീസ് നഗരങ്ങളിൽ അടിസ്ഥാന ആവശ്യങ്ങളായ മരുന്ന്, ഭക്ഷണം, കുടിവെള്ളം, പാർപ്പിടം, വസ്ത്രം തുടങ്ങിയവക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നത് ദുഃഖകരമാണ്. അവിടെയുള്ള ആശുപത്രികൾക്കും ജനങ്ങൾക്കും ആവശ്യമായ വസ്തുക്കൾ നൽകാൻ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.