ഇന്ത്യയെ റെഡ്ലിസ്റ്റിൽനിന്ന് ഒഴിവാക്കി ബഹ്റൈൻ
text_fieldsമനാമ: ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയിൽനിന്ന് ബഹ്റൈൻ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. സിവിൽ ഏവിഷേയൻ അഫയേഴ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം സെപ്റ്റംബർ മൂന്നിന് പ്രാബല്യത്തിൽ വരും. അതേസമയം, റെഡ്ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നിലവിലുള്ള നിബന്ധനകൾ ബാധകമായിരിക്കും.
ഇന്ത്യക്ക് പുറമേ പാകിസ്താൻ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ് പട്ടികയിൽനിന്ന് ഒഴിവായ മറ്റ് രാജ്യങ്ങൾ. ബോസ്നിയ ഹെർസഗോവിന, െസ്ലാവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ഇക്വഡോർ എന്നീ രാജ്യങ്ങളാണ് പുതുതായി റെഡ്ലിസ്റ്റിൽ ഉൾപ്പെട്ടത്.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് ബഹ്റൈൻ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് ടെസ്റ്റ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. 25 രാജ്യങ്ങളാണ് ഇപ്പോൾ റെഡ്ലിസ്റ്റ് പട്ടികയിൽ ഉള്ളത്.
ജി.സി.സി രാജ്യങ്ങൾ, വാക്സിൻ സർട്ടിഫിക്കറ്റിെൻറ പരസ്പര അംഗീകാരത്തിന് കരാറുള്ള രാജ്യങ്ങൾ, വാക്സിൻ സർട്ടിഫിക്കറ്റിന് ബഹ്റൈൻ അംഗീകാരം നൽകിയ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല. ബഹ്റൈനിൽ എത്തിയ ശേഷമുള്ള മൂന്ന് പി.സി.ആർ ടെസ്റ്റുകൾ ഇവർക്ക് ആവശ്യമാണ്.
ബഹ്റൈനിൽ ഒാൺ അൈറവൽ വിസ ലഭിക്കാൻ അർഹതയുള്ള രാജ്യങ്ങളിൽനിന്ന് വാക്സിനെടുത്ത ആറ് വയസിന് മുകളിൽ പ്രായമുള്ള യാത്രക്കാർക്കും യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ടെസ്റ്റ് ആവശ്യമില്ല. ഇവിടെ എത്തിയ ശേഷമുള്ള മൂന്ന് ടെസ്റ്റുകൾ ബാധകമാണ്.
കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മെയ് 23 മുതലാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് പെർമിറ്റ് ഉള്ളവർ എന്നിവർക്ക് മാത്രമാണ് ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ അനുമതിയുണ്ടായിരുന്നത്. സന്ദർശക വിസയിലുള്ളവർക്ക് അനുമതി നിഷേധിച്ചതിനാൽ സൗദിയിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ നിരവധി പേർ പ്രയാസത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.