ഫലസ്തീൻ ജനതയ്ക്ക് പിന്തുണ; 40 ടൺ ദുരിതാശ്വാസ വസ്തുക്കൾ അയച്ച് ബഹ്റൈൻ
text_fieldsമനാമ: ഗസ്സയിലെ ഫലസ്തീനികളെ പിന്തുണക്കുന്നതിനുള്ള ദേശീയ സമിതി, ഗസ്സയിലേക്ക് ആദ്യത്തെ സഹായ ഷിപ്മെന്റ് അയച്ചു.
മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സഹായം അയച്ചത്. ഫലസ്തീൻ ജനതക്കുള്ള പിന്തുണയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉറച്ച നിലപാടാണ് ബഹ്റൈൻ സഹായം പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് നാസർ പറഞ്ഞു.
റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനെ പൂർണമായി പിന്തുണക്കുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു. ഗസ്സയിലെ ഫലസ്തീൻ ജനതക്ക് 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങൾ അയച്ചെന്ന് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ മുസ്തഫ അസ്സയിദ് പറഞ്ഞു.
ഗസ്സക്കുളള ബഹ്റൈന്റെ ആദ്യ ഘട്ട സഹായം ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തി. ഈജിപ്ത് റെഡ് ക്രസന്റിന് സഹായങ്ങൾ കൈമാറുകയും അവർ വഴി ഫലസ്തീനിലെ റെഡ്ക്രസന്റിന് സഹായങ്ങൾ എത്തിക്കുകയും ചെയ്യും. തുടരെയുള്ള അക്രമണം ഗസ്സയിലേക്കുള്ള പ്രവേശനം ദുഷ്കരമായ സാഹചര്യത്തിലാണ് ഈജിപ്ത് റെഡ്ക്രസന്റ് വഴി ഫലസ്തീൻ റെഡ്ക്രസന്റിന് സഹായമെത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇന്റർനാഷനൽ റെഡ് ക്രസന്റ്, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, ഫലസ്തീനിയൻ റെഡ് ക്രസന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് ആർ.എച്ച്.എഫ് സഹായം അയക്കുന്നത്.
ഗസ്സയിലെ ഫലസ്തീനികളെ പിന്തുണക്കുന്നതിനുള്ള ദേശീയ സമിതി കൂടുതൽ മാനുഷിക സഹായം നൽകും. വരും ദിവസങ്ങളിൽ നിരവധി ഷിപ്പ്മെന്റുകൾ അയക്കുമെന്ന് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.