ബഹ്റൈനും യു.എസുമായി പുതിയ സുരക്ഷ, സാമ്പത്തിക സഹകരണ കരാർ
text_fieldsമനാമ: ബഹ്റൈനും യു.എസും തമ്മിൽ സുരക്ഷ, സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവെച്ചു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു.എസിലെത്തിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ. ബ്ലിങ്കനുമാണ് ചരിത്രപരമായ ഉഭയകക്ഷി കരാറിൽ ഒപ്പുെവച്ചത്.
പ്രതിരോധ സാമ്പത്തിക മേഖലകളിൽ ബഹുമുഖ സഹകരണത്തിനും സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തിനും വഴിവെക്കുന്നതാണ് കരാർ. നാറ്റോ ഇതര സഖ്യകക്ഷി, മിഡിൽ ഈസ്റ്റിലെ വളരെക്കാലമായുള്ള അടുത്ത പങ്കാളി എന്നീ നിലകളിൽ ബഹ്റൈനുമായുള്ള ബന്ധത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രകീർത്തിച്ചു.
ഇരു രാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും ഭീഷണികൾ ഉണ്ടാകുമ്പോൾ അവയെ പ്രതിരോധിക്കാനും ഇന്റലിജൻസ് ശേഷിയെ കൂടുതൽ ശക്തമാക്കാനും കരാർ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിൽ 2006ൽ സ്വതന്ത്ര വ്യാപാര ഉടമ്പടി ഒപ്പിട്ടിരുന്നു. അതിനുശേഷം വ്യാപാരം മൂന്നിരട്ടിയായി വർധിച്ചു.
ആരോഗ്യ സുരക്ഷ, ഡിജിറ്റൽ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ ശാസ്ത്ര സാങ്കേതിക സഹകരണം വർധിക്കാൻ കരാർ ഇടയാക്കുമെന്ന് ബ്ലിങ്കൻ അഭിപ്രായപ്പെട്ടു. ചരിത്രപരമായ ഉഭയകക്ഷി കരാർ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.
ബഹ്റൈനും യുഎസിനും ഒരുപോലെ ഗുണകരമാണ് കരാർ. ബഹ്റൈൻ-യു.എസ്. ബന്ധങ്ങൾ കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി യു.എസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജേക്ക് സള്ളിവനെ വൈറ്റ് ഹൗസിൽ സന്ദർശിച്ചു.
പുതിയ സുരക്ഷ, സാമ്പത്തിക സഹകരണ കരാർ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. പുതിയ കരാറിന്റെ വെളിച്ചത്തിൽ പരസ്പര സഹകരണം കൂടുതൽ ശക്തമാകുമെന്ന് ഇരുവരും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.