ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രൽ ആദ്യഫല പെരുന്നാൾ സമാപിച്ചു
text_fieldsമനാമ: മധ്യപൂർവദേശത്തെ ആദ്യ ഓർത്തഡോക്സ് ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ആദ്യഫല പെരുന്നാൾ സമാപിച്ചു.
ആദ്യ ഘട്ടമായി നടത്തിയ ആദ്യഫല കാഴ്ചകളുടെ സമർപ്പണം പരുമല തിരുമേനിയുടെ ഓർമദിവസമായ നവംബർ നാലിന് കത്തീഡ്രലിൽവെച്ചും രണ്ടാം ഘട്ടമായി നടത്തിയ കത്തീഡ്രൽ കുടുംബസംഗമം നവംബർ 25ന് ബഹ്‌റൈൻ കേരളീയ സമാജത്തിലുമാണ് നടത്തിയത്.
ജനറല്‍ കൺവീനർ ജേക്കബ് പി. മാത്യു, ജോ. ജനറല്‍ കൺവീനർമാരായ അനു കെ. വർഗീസ്, വിനു പൗലോസ്, സെക്രട്ടറി ബിനു എം. ഈപ്പൻ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ ആദ്യഫല പെരുന്നാളിനായി പ്രവർത്തിച്ചത്.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന കുടുംബസംഗമത്തിൽ ഫുഡ് സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ, മെഡിക്കൽ ചെക്കപ്പ്, ഗാനമേള, നാടൻപാട്ട്, വടംവലി മത്സരം, മെഗാ മാർഗംകളി, ഡാൻസ്, മ്യൂസിക്കൽ ഫ്യൂഷൻ, ഫാമിലി ഫാഷൻ ഷോ തുടങ്ങിയവയുണ്ടായിരുന്നു.
ബൈബിളിലെ പഴയ നിയമത്തെ ആസ്പദമാക്കി അവതരിപ്പിച്ച 'ന്യായ പാലകൻ' എന്ന ബൈബ്ൾ ഡ്രാമാസ്കോപ് നാടകം ശ്രദ്ധേയമായി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. കുടുംബസംഗമത്തോട് അനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനത്തിൽ കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു അധ്യക്ഷത വഹിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായിരുന്നു. കത്തീഡ്രൽ സഹവികാരി ഫാ. സുനിൽ കുര്യൻ ബേബി, ട്രസ്റ്റി സാമുവേൽ പൗലോസ്, ആക്ടിങ് സെക്രട്ടറി സിജു ജോൺ, ആദ്യഫല പെരുന്നാൾ ജനറൽ കൺവീനർ ജേക്കബ് പി. മാത്യു എന്നിവർ സംസാരിച്ചു. മികച്ച ജനപങ്കാളിത്തത്തോടെ രണ്ടു ഘട്ടങ്ങളായി നടത്തിയ ഈ വർഷത്തെ ആദ്യഫല പെരുന്നാൾ വൻ വിജയമായിരുന്നുവെന്ന് പബ്ലിസിറ്റി കൺവീനർ ജോൺ ടി. വർഗീസ് പറഞ്ഞു. അനു ടി. കോശി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.