ബഹ്റൈൻ ഫലസ്തീനികളുടെ അവകാശങ്ങൾക്കൊപ്പമാണ് -സ്പീക്കർ
text_fieldsമനാമ: ഫലസ്തീനികളുടെ അവകാശങ്ങൾക്കൊപ്പമാണ് ബഹ്റൈൻ എന്നും നിലകൊള്ളുന്നതെന്ന് പാർലമെൻറ് സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം വ്യക്തമാക്കി. ഒ.ഐ.സി അംഗരാജ്യങ്ങളിലെ പാർലമെൻറ് അധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ പ്രശ്ന പരിഹാരത്തിനും ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനും പാർലമെൻറ് കൂട്ടായ്മ രൂപവത്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലുള്ള ബഹ്റൈന്റെ ഉറച്ചനിലപാട് ഏറെ പ്രാധാന്യമുള്ളതാണ്.
ഫലസ്തീനികളുടെ അവകാശങ്ങൾ മാനിക്കണമെന്നും കിഴക്കൻ ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്നുമുള്ള നിലപാടാണ് തുടക്കം മുതൽ ബഹ്റൈനുള്ളത്. ഫലസ്തീൻ പ്രശ്നത്തെ സുപ്രധാനമായ ഒന്നായാണ് ബഹ്റൈൻ സമീപിച്ചിട്ടുള്ളത്. മേഖലയുടെ സമാധാനത്തിന് ഫലസ്തീൻ പ്രശ്ന പരിഹാരമാണ് വേണ്ടതെന്ന അഭിപ്രായം ശക്തമായി പുലർത്തുകയും ചെയ്യുന്നു. സമാധാനപൂർണമായ പരിഹാരത്തിനായി പല വിധ ശ്രമങ്ങളും വിവിധ രാജ്യങ്ങളുമായി ചേർന്ന് ബഹ്റൈൻ നടത്തിയിട്ടുണ്ട്. ശക്തമായ കൂട്ടായ്മയും ഐക്യവുമാണ് ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായിട്ടുള്ളത്. പാർലമെൻറിന് ഇക്കാര്യത്തിലുള്ള പങ്കിനെ അദ്ദേഹം പ്രത്യേകം എടുത്തു പറയുകയും ചെയ്തു. യു.
എന്നുമായി സഹകരിച്ച് യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീനികൾക്കാവശ്യമായ അടിയന്തിര സഹായമെത്തിക്കുന്നതിന് ഹമദ് രാജാവ് നിർദേശം നൽകിയിട്ടുമുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കഴിഞ്ഞ ദിവസം മുതൽ സഹായങ്ങൾ സ്വീകരിക്കുന്നതിന് തുടക്കമിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ഓൺലൈനിൽ നടന്ന ഒ.ഐ.സി പാർലമെൻറ് യൂനിയൻ യോഗത്തിൽ ചെയർമാൻ ഇബ്രാഹിം ബൂഗാലി അധ്യക്ഷത വഹിച്ചു. ബഹ്റൈനടക്കമുള്ള അംഗരാജ്യങ്ങളിൽ നിന്നുള്ള പാർലമെൻറ് അധ്യക്ഷൻമാർ പ്രസ്തുത വിഷയത്തിലെ അടിയന്തര പരിഹാരങ്ങൾ ആരാഞ്ഞുകൊണ്ടുള്ള ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.