ബഹ്റൈൻ പ്രതിഭ സാംസ്കാരികോത്സവം: സംഘാടക സമിതിയായി
text_fieldsമനാമ: ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ 'പാലം-ദി ബ്രിഡ്ജ്' എന്ന പേരിൽ കേരള-ബഹ്റൈൻ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. പരിപാടിയുടെ നടത്തിപ്പിന് 201 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. ചെയർമാനായി പി. ശ്രീജിത്, ജനറൽ കൺവീനറായി സുബൈർ കണ്ണൂർ, ജോ. കൺവീനറായി മിജോഷ് മൊറാഴ എന്നിവരെ തിരഞ്ഞെടുത്തു.
നവംബർ മൂന്ന്, നാല് തീയതികളിൽ ബഹ്റൈൻ കേരളീയസമാജം അങ്കണത്തിലും വേദികളിലുമാണ് സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. 10,000 കാണികളും 1000 കലാകാരന്മാരും അണിനിരക്കുന്ന പരിപാടി ബഹ്റൈനിലെ സ്വദേശികളുടെയും പ്രവാസികളുടെയും കലാസാംസ്കാരിക വിനിമയമായിരിക്കുമെന്ന് സംഘാടകസമിതി ഉദ്ഘാടനം ചെയ്ത് പ്രതിഭ മുഖ്യരക്ഷാധികാരി ഇൻ ചാർജ് ഷെറീഫ് കോഴിക്കോട് പറഞ്ഞു.
തെയ്യം, കോൽക്കളി, ദഫ് മുട്ട്, പടയണി, പൂരക്കളി, മാർഗംകളി എന്നീ കലാരൂപങ്ങളും ബഹ്റൈൻ സംസ്കാരിക പരിപാടികളും അരങ്ങേറും. ഇതോടൊപ്പം മിഠായിത്തെരുവും ജൂതത്തെരുവും ബേക്കൽ കോട്ടയും സെക്രട്ടേറിയറ്റും പുനരാവിഷ്കരിക്കുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും നിലവിൽ വന്നു.
സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ പ്രസിഡന്‍റ് ഇൻ ചാർജ് ഡോ. ശിവകീർത്തി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും 'പാലം-ദി ബ്രിഡ്ജ്' മീഡിയ വിങ് കൺവീനറുമായ എ.വി. അശോകൻ, രക്ഷാധികാരി സമിതി അംഗവും ഫിനാൻസ് കമ്മിറ്റി കൺവീനറുമായ മഹേഷ് യോഗിനാഥ് എന്നിവർ സംസാരിച്ചു. നാട്ടിൽനിന്ന് പ്രസീത ചാലക്കുടി അടക്കമുള്ള കലാകാരന്മാരും മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മുഴുവൻ പ്രവാസികൾക്കും സൗജന്യപ്രവേശനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.